കോലഞ്ചേരി: ദളിത് കുടുംബങ്ങൾക്കു പ്രവേശനം നിഷേധിച്ചെന്നാരോപിച്ചു ഭജനമഠം ക്ഷേത്രത്തോടു ചേർന്നു നിർമിച്ച ചുറ്റുമതിൽ പ്രതിഷേധക്കാർ തകർത്തു. സംഭവത്തെത്തുടർന്നു വടയന്പാടിയിൽ സംഘർഷാവസ്ഥ. വടയന്പാടി ഭജനമഠത്തു നിർമിച്ച ചുറ്റുമതിലാണു ദളിത് ഭൂ അവകാശ മുന്നണി പ്രവർത്തകർ പൊളിച്ചുമാറ്റിയത്.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണു സംഭവം. ദളിത് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് എല്ലാ പ്രദേശവാസികളും ഉപയോഗിച്ചിരുന്ന റവന്യൂ പുറന്പോക്ക് ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു കൈവശപ്പെടുത്തുകയായിരുന്നുവെന്നാണു സമരക്കാരുടെ ആരോപണം. എൻഎസ്എസിനു കീഴിലുള്ള വടയന്പാടി ഭജനമഠം ക്ഷേത്രത്തിനോടു ചേർന്നാണു ഭൂമി.
ക്ഷേത്രാചാരങ്ങൾക്കു വിഘ്നം ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാണിച്ച് ഒരു മാസം മുന്പാണ് എൻഎസ്എസ് ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ ഒന്നരയേക്കർ ഭൂമിയിൽ മതിൽ നിർമിച്ചത്. ഇതേത്തുടർന്ന് കോളനിയിലെ കുടുംബങ്ങൾ കഴിഞ്ഞ 37 ദിവസമായി സമരരംഗത്തായിരുന്നു.
വെള്ളിയാഴ്ച സമരത്തിന്റെ ഭാഗമായി അംബേദ്കർ അനുസ്മരണവും പൊതുസമ്മേളനവും നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഒരാൾ പൊക്കത്തിൽ നിർമിച്ച ചുറ്റുമതിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ തകർത്തത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മതിൽ പൂർണമായും പൊളിച്ചു മാറ്റിയിരുന്നു. സംഭവത്തെത്തുടർന്നു സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പ്രദേശത്തു വൻ പോലീസ് സന്നാഹം ക്യാന്പ് ചെയ്യുന്നുണ്ട്.
മതിൽ പൊളിച്ചു നീക്കിയ ഭൂമിയിൽ ശനിയാഴ്ച രാവിലെ കെപിഎംഎസ് പ്രവർത്തകർ കൊടിനാട്ടി. കൊടി നീക്കം ചെയ്യാൻ എൻഎസ്എസ് പ്രവർത്തകർ ശ്രമിച്ചതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു.