സാത്താനിക ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കാനും സൂചിപ്പിക്കാനുമായി നിരവധി പ്രതീകങ്ങളെ ഉപയോഗിക്കുന്ന പതിവ് എക്കാലത്തും ഇത്തരക്കാരുടെ ഇടയിലുണ്ടായിരുന്നു. ആധുനിക കാലത്ത് ഇത്തരം പ്രവണതകള്‍ക്ക് ആക്കംകൂടിയിട്ടുണ്ട്. ചിഹ്നങ്ങളും ചിത്രങ്ങളും അക്കങ്ങളുമൊക്കെ ഇങ്ങനെ പ്രതീകവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രതീകങ്ങള്‍ (Symbols) തങ്ങളുടെ ആരാധനാവേദികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും വേഷങ്ങളിലുമൊക്കെ ഇവര്‍ പതിപ്പിക്കാറുണ്ട്. സ്വന്തം ശരീരത്തില്‍ ഇത്തരം പ്രതീകങ്ങള്‍ പച്ച കുത്തുന്നവരുമുണ്ട്.
നിരുപദ്രവമെന്നു തോന്നാവുന്ന തരത്തില്‍ സമൂഹത്തില്‍ ഇവ പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു. ആഭരണങ്ങളായും സ്റ്റിക്കറുകളായും റ്റാറ്റൂകളായുമൊക്കെ ഇത്തരം പ്രതീകങ്ങള്‍ ദൈവവിശ്വാസികള്‍ക്കിടയില്‍ പോലും കടന്നുകയറുന്നു. താരതമ്യേന നിര്‍ദോഷമെന്നു സമൂഹം വിലയിരുത്തുന്ന കളിപ്പാട്ടങ്ങള്‍, കാര്ട്ടൂണുകള്, ചിത്രകഥകള്‍, വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ തുടങ്ങിയവയില്‍ പോലും ഇത്തരം പ്രതീകങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്നതു നാം തിരിച്ചറിയേണ്ട യാഥാര്‍ഥ്യം. ഇത്തരം പ്രതീകങ്ങളെ അറിഞ്ഞോ അറിയാതെയോ സിനിമാറ്റിക് ഡാന്‍സ് പോലെയുള്ളവയില്‍ ദൃശ്യവത്കരിക്കുന്നവരുടെ എണ്ണവും പെരുകിയിരിക്കുകയാണ്. ദേവാലയങ്ങള്‍ പോലും ഇത്തരം പരിപാടികള്‍ക്കു വേദിയാകുന്നുണ്ടെന്നതും കരുതലോടെ കാണേണ്ടതാണ്.
തല കീഴായ കുരിശ്, തല കീഴായ പെന്റഗ്രാം, 666, സാത്താനിക പദങ്ങളുടെ തിരിച്ചെഴുത്ത്, കോഡു വാക്കുകള്‍ തുടങ്ങിയവയൊക്കെ സാത്താന്‍പ്രേമികള്‍ ഇപ്പോള്‍ വ്യാപകമായി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊക്കെ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ്. വെളിപാടിന്റെ പുസ്തകത്തിലെ തിന്മയുടെ ശക്തിയുടെ അടയാളമായി 666 എന്ന പരാമര്‍ശമുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് സാത്താനിക അക്കമായി 666 എന്നതിന്റെ പ്രചരിപ്പിക്കുന്നത്. ഇതു ഗോപ്യമായി സൂചിപ്പിക്കാന്‍ ഇംഗ്ലീഷിലെ ആറാമത്തെ അക്കമായ എഫ് (എഎഎ) എന്നതും ഇക്കൂട്ടര്‍ ഉപയോഗിക്കാറുണ്ട്.
വിനോദ ലോകം
സാത്താന് പ്രേമികള്‍ ഫലപ്രദമായി ദുരുപയോഗിച്ചുകൊണ്ടിരുന്ന മേഖലകളിലൊന്നാണു വിനോദലോകം (എന്റര്ടെയിന്റ്മെന്റ് ഇന്‍ഡസ്ട്രി). കുട്ടികളെയും യുവതലമുറയെയും സ്വാധീനിക്കാന്‍ കഴിയുന്ന രംഗമെന്ന നിലയില്‍ ഇവയിലൂടെ സാത്താനിക ആശയങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍, സിനിമകള്‍, കാര്‍ട്ടൂണ്‍ ചാനലുകള്‍, കളിക്കുള്ള കാര്‍ഡുകള്‍, ചീട്ടുകള്‍ തുടങ്ങിയവയും സാത്താനിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception , Guitar Hero III, Devil May Cry, The Binding Of Isaac, The Ninja Kisd തുടങ്ങിയ സാത്താനികമായ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള വീഡിയോ ഗെയിമുകളില്‍ ചിലതാണ്.
കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്പൈഡര്മാന് സാത്താനിക കൈമുദ്ര കാണിക്കുന്നതു ലോകത്തിനു ഞെട്ടല്‍ സമ്മാനിച്ചിരുന്നു. ദിനംപ്രതി ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ പുതിയ വീഡിയോ ഗെയിമുകള്‍ പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍, ഇവയില്‍ നല്ലൊരു ശതമാനത്തിന്റെയും വിഷയവും കഥാപാത്രങ്ങളും നെഗറ്റീവ് ചിന്താഗതികള്‍ വളര്‍ത്തുന്നവയാണ്. ഡെവിളിനെ കഥാപാത്രങ്ങളാക്കിയും സാത്താനികമായ ആശയങ്ങള്‍ വിഷയമാക്കിയുമൊക്കെയാണു പല വീഡിയോ ഗെയിമുകളും പുറത്തിറങ്ങുന്നത്.
ഇതൊന്നും ശ്രദ്ധിക്കാതെയാണു മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഇവയൊക്കെ വാങ്ങി നല്‍കുന്നത്. കുട്ടികള്‍ ഇന്റര്‍നെറ്റില്‍നിന്നും മറ്റും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. സത്താന് പ്രേമികള്‍ ഉള്‍പ്പെടെയുള്ള തിന്മയുടെ ശക്തികള്‍ വിനോദവ്യവസായത്തെ ആശയപ്രചരണത്തിനു ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോഴാണു കുട്ടികളുടെ മുന്നിലൊരുക്കിയിരിക്കുന്ന കെണികളുടെ ആഴം വ്യക്തമാകുന്നത്. വീഡിയോ ഗെയിമുകളെല്ലാം കുഴപ്പങ്ങളാണെന്നല്ല ഇത് അര്‍ഥമാക്കുന്നത്. എന്നാല്‍, ഈ രംഗത്തു വിവേകപൂര്‍വമുള്ള തെരഞ്ഞെടുപ്പുകളും ജാഗ്രതയും വേണമെന്നു ചുരുക്കം.