വൈപ്പിൻ: സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ-സംസ്ഥാനപാതയ്ക്കരുകിലെ മദ്യശാലകൾ നീക്കം ചെയ്തതോടെ വിദേശ നിർമ്മിത മദ്യശാലകൾ പൂർണ്ണമായും ഇല്ലാതായ വൈപ്പിൻ കരയിൽ ഇത്തവണ അടിപടിയില്ലാത്ത ഈസ്റ്റർ-വിഷു ആഘോഷമെന്ന് പോലീസ്. വിഷു, ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഞാറക്കൽ സർക്കിളിൽപെട്ട ഞാറക്കൽ മുനന്പം പോലീസ് സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ചോ, ആറോ കേസുകൾ ഉണ്ടാകുക പതിവാണ്.
എന്നാൽ ഇക്കുറി രണ്ട് സ്റ്റേഷനുകളിലും ഇത്തരം അടിപിടിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മദ്യശാലയിലെ വൻ തിരക്കിൽ സംസ്ഥാന പാതയിൽ ഞാറക്കലും, ചെറായി ദേവസ്വം നടയിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഇത്തവണ വിടപറഞ്ഞതോടെ പോലീസിനു വൻ തലവേദനയാണ് ഒഴിവായത്.
ആകെ രണ്ട് വൈൻ- ബിയർ പാർലറുകളാണ് ഇപ്പോൾ വൈപ്പിനിലുള്ളത്. ഇതാകട്ടെ സംസ്ഥാന പാതയിൽ നിന്ന് ഏറെ അകന്നുള്ള ചെറായി ബീച്ചിലാണ്. ഇവിടെ വിഷുവിനും ഈസ്റ്ററിനും വൻ തിരക്ക് അനുഭവപ്പെട്ടു.ചെറായിലെ മദ്യശാലകൾ പൂട്ടിയതോടെ പള്ളിപ്പുറം ബാങ്കിന്റെ ചെറായി ശാഖയിലെത്തുന്ന ഇടപാടുകാർക്കും ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെത്തുന്നവർക്കും ഏറെ ആശ്വാസമായി.
ഇവിടെ രാവിലെ മുതൽ രാത്രിവരെ പൊതുജനത്തിനു ശല്യമായി മദ്യപൻമാരുടെ തിക്കും തിരക്കുമായിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാനും സാധ്യമല്ലായിരുന്നു. ഇവിടെ ഇപ്പോൾ വിജനമായി. അപകടങ്ങളും കുറഞ്ഞു. ഞാറക്കലിൽ സംസ്ഥാനപാതയ്ക്കരുകിലുള്ള മദ്യശാലക്കു മുന്നിൽ വൻ തിരക്കായിരുന്നു.
മദ്യപൻമാരുടെ തിരക്കു മൂലം ഇവിടെ നിരവധി അപകടങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെട്ടിരുന്നത്. ഇപ്പോൾ ഇവിടെയും വിജനമായി. മദ്യപൻമാരെ ഉദ്ദേശിച്ച് തന്പടിച്ചിരുന്ന വഴിവാണിഭവും ഇതോടെ ഇവിടെ നിലച്ചത് കാൽനടക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെട്ടു.