മലപ്പുറം: ഇ.അഹമ്മദിനൊപ്പം എത്തിയില്ലെങ്കിലും റിക്കാർഡ് ബുക്കിൽ ഇടംപിടിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന റിക്കാർഡാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തു കുറിച്ചത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ഇ.അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ ഏറ്റവും വലിയ വിജയം. കുഞ്ഞാലിക്കുട്ടിക്ക് ഇത് മറികടക്കാൻ കഴിയുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കിയിരുന്നത്. അതിന് സാധിച്ചില്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന നേട്ടത്തോടെയാണ് കുഞ്ഞാലിക്കുട്ടി മത്സരം അവസാനിപ്പിച്ചത്- 1,71,023 വോട്ടിന്റെ ഭൂരിപക്ഷം. ഇതോടെ ഇതുവരെ രണ്ടാമതുണ്ടായിരുന്ന എം.ഐ. ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യത്തെ രണ്ട് വലിയ ഭൂരിപക്ഷങ്ങളും മലപ്പുറത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്.
ഇതൊക്കെയാണെങ്കിലും കുഞ്ഞാപ്പയുടെ വിജയത്തിന്റെ മാറ്റു കുറയുന്നില്ല. 5,15,330 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. 2014ൽ ഇ. അഹമ്മദ് നേടിയതിനേക്കാൾ 75000 ത്തിലേറെ വോട്ടുകൾ അധികം പിടിക്കാൻ കുഞ്ഞാലിക്കുട്ടിക്കു സാധിച്ചു. ഇടതുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസൽ 3,44,307 വോട്ട് നേടി. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് 65,675 വോട്ടുകൾ നേടാൻ സാധിച്ചു. 4,098 വോട്ടുകൾ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി.