ബന്ധുനിയമന വിവാദം ചർച്ച ചെയ്യുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ ഇ.പി. ജയരാജൻ ഇന്ന് പങ്കെടുക്കില്ല. പനി ബാധിച്ചതാണ് കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ.പി. ജയരാജൻ ഇപ്പോൾ എറണാകുളത്താണ് ഉള്ളത്. എന്നാൽ പി.കെ. ശ്രീമതി എംപി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും വീഴ്ച സംഭവിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നടപടി.
റിപ്പോർട്ടിൽ പറയുന്നതുപോലെ ഇരു നേതാക്കൾക്കും പിഴവുണ്ടായതായി പിബി യോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. എന്നാൽ നടപടി സംബന്ധിച്ച് യോഗത്തിൽ തീരുമാനമുണ്ടായില്ല. ഇന്നു നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിഷയം റിപ്പോർട്ട് ചെയ്യാനും നേതാക്കളിൽ നിന്നു വിശദീകരണം തേടാനും പിബി യോഗം തീരുമാനിച്ചു.
രണ്ടു നേതാക്കളും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാലാണ് വിഷയം കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ ധാരണയായത്. പിഴവുകൾ അംഗീകരിച്ച് വിശദീകരണം നൽകിയാൽ നടപടി ശാസനയിലോ താക്കീതിലോ ഒതുക്കാനാണ് നേതാക്കൾ തീരുമാനിച്ചതെന്നും സൂചനയുണ്ട്.