ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം

kar_2017apri15kka1കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതുമൂലമാണ് ഈ വാതകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് ഒരു ആഗോള ഉടന്പടി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയും ഈ ഉടന്പടിയിൽ പങ്കാളിയാണ്. ഈ അവസരത്തിൽ മലിനീകരണം കുറഞ്ഞ പ്രകൃതിദത്ത ഇന്ധനങ്ങളുടെ പ്രാധാന്യം വളരെ വർധിച്ചിരിക്കുന്നു.

ഇന്ത്യൻ ഓയിൽ കോർപറേഷൻ അവസരോചിതമായി പ്രകൃതിദത്ത ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് സംരംഭകരെ തേടിക്കൊണ്ടിരിക്കുന്നു. സസ്യജന്യ ഇന്ധനം ഉപയോഗിച്ച് ബംഗളൂരുവിൽ ബസുകൾ വിജയകരമായി ഓടിച്ചതായുള്ള പത്രവാർത്ത സമീപകാലത്തു വന്നിരുന്നു. ഡീസലിനെ അപേക്ഷിച്ച് യാതൊ രുവിധ മലിനീകരണവും സസ്യജന്യ ഇന്ധനത്തിന് ഇല്ലായിരുന്നെന്നാണ് വാർത്തയിൽ നിന്ന് മനസിലാകുന്നത്. കൂടാതെ സൗത്ത് സെൻട്രൽ റയിൽവേ, ഡീസലിനോടുകൂടെ അഞ്ചു ശതമാനം ബയോഡീസൽ ചേർത്ത് എൻജിനുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ഇന്ധനങ്ങളുടെ വൻ സാധ്യതയിലേക്കാണ് ഈ വാർത്തകൾ വിരൽ ചൂണ്ടുന്നത്. കാർഷിക മേഖലയ്ക്ക് ശുഭകരമായ ഭാവി വാഗ്ദാനം ചെയ്യുന്ന പുതിയ സംരംഭമാണിത്.

ഈ സാഹചര്യത്തിൽ അധി കം ശ്രദ്ധിക്കാപ്പെടാതെ പോയതും വൻ സാധ്യതയുള്ളതുമായ പുന്നമരത്തിന്‍റെ ഇന്ധന ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുന്നത് സമയോചിതമാണെന്നു കരുതുന്നു. കാരണം, പ്രകൃതിദത്തവും പുനരുദ്ധിപ്പിക്കാവുന്നതും മലിനീകരണം തുലോം കുറഞ്ഞതും നല്ല വരുമാനം ലഭിക്കാൻ സാധ്യതയുള്ളതുമായ ഇന്ധന സ്രോതസാണ് പുന്നമരം. കുറേക്കൂടി ഗവേഷണം ആവശ്യമുണ്ടെങ്കിലും.

നമ്മുടെ കുട്ടനാട്ടിലെ ചെളി പോലെയുള്ള മണ്ണിൽ അനായാസം വളരുന്നതും ആഫ്രിക്കൻ സ്വദേശിയെന്ന് അനുമാനക്കപ്പെടുന്നതുമായ പുന്നമരത്തിന്‍റെ എണ്ണ പുരാതന കാലം മുതൽ അന്പലങ്ങളിൽ വിളക്കുകത്തിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ കാരണം, അധ്യാപകനും പാരന്പര്യവൈദ്യനും ഒരേ ഭൂമി ഒരേ ജീവൻ എന്ന പരിസ്ഥിതികമാസികയുടെ എഡിറ്ററും ആയിരുന്ന പരേതനായ കെ.വി. ശിവപ്രസാദ് ലേഖകന് വിവരിച്ചുതന്നത് ഇവിടെ കുറിക്കട്ടെ. പുന്നയെണ്ണ കത്തുന്പോൾ ഓക് സിജൻ ഉണ്ടാകുമത്രെ. കുടുസുമുറികളിൽ പുന്നയെണ്ണകൊണ്ട് വിളക്കുകൾ കത്തിക്കുന്പോൾ, കാർബണ്‍ ഡൈ ഓക്സൈഡ്, പുക, കാർബണ്‍ മോണോക്സൈഡ്, നൈട്രിക്ക് ഓക്സൈഡ് എന്നിവ കാര്യമായി ഉണ്ടാകാത്തതിനാൽ ശ്വാസകോശ രോഗങ്ങളും മറ്റു അസ്വസ്ഥതകളും ഉണ്ടാകാത്തതിനാലാണ് പുന്നയെണ്ണ കാലാകാലങ്ങളായി പൂജാരികൾ ഉപയോഗിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ അനുമാനം. ഇത് അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ഗവേഷണത്തിലൂടെ നിജസ്ഥിതി മനസിലാക്കാം. എന്തായാലും ഒരു കാര്യം തീർച്ചയാണ് ഡീസൽ, മണ്ണെണ്ണ മുതലായ ഫോസിൽ ഇന്ധനങ്ങ ളെപ്പോലെ പുന്നയെണ്ണ കത്തുന്പോൾ അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാകുന്നില്ല.

പുന്നയെണ്ണയുടെ ഇന്ധനസാധ്യത ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് തമിഴ്നാട് നാഗപട്ടണം ജില്ലയിലുള്ള വെട്ടക്കാരൻ ഇരിപ്പു, കണ്ടയാം കാട് വില്ലേജ്, കിൽവേലൂർ താലൂക്ക് സി. രാജശേഖർ എന്ന കർഷകനാണ്. അദ്ദേഹം നാലുവർഷത്തോളം പുന്നയെണ്ണ ഉപയോഗിച്ച് അഞ്ച് എച്ച്പി യുടെ ഡീസൽ എൻജിൻ പ്രവർത്തിപ്പിച്ച് കൃഷിസ്ഥലം നനയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥലത്തുണ്ടായിരുന്ന രണ്ടു പുന്നമരങ്ങളിൽ നിന്നും. 75 കിലോ എണ്ണ കിട്ടിയിരുന്നു. അതിന്‍റെ അന്നത്തെ വില 12 രൂപയായിരുന്നു. ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള എണ്ണ കിലോക്കു 42 രൂപ പ്രകാരം മറ്റു കർഷകർക്കു വിറ്റു. പിണ്ണാക്കുവളമായും ഉപയോഗിച്ചു.

രാജശേഖറിന്‍റെ അഭിപ്രായം ശ്രദ്ധിക്കുക നാലു വർഷം ഉപയോഗിച്ചിട്ടും എൻജിനു യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല; നല്ല സൗമ്യമായ പ്രവർത്തനവും അനുഭവപ്പെട്ടു. കാര്യക്ഷമത കൂടുതലായിരുന്നെന്നു മാത്രമല്ല, ഡീസൽ ഉപയോഗിക്കുന്പോഴുള്ളതിനേക്കാൾ വളരെ കുറച്ചു പുക മാത്രമേ കണ്ടുള്ളു. ഒരു മണിക്കൂർ പ്രവർത്തിക്കുവാൻ 600 മില്ലിലിറ്റർ എണ്ണ മാത്രമേ വേണ്ടുവന്നുള്ളു. എത്ര ആശാവഹമായ കണ്ടുപിടിത്തം.

വാവലുകൾ പഴത്തിന്‍റെ തൊലി തിന്നതിനുശേഷം കുരുക്കൾ മരത്തിനു ചുറ്റുമിടുന്നതിനാൽ പറിച്ചെടുക്കുന്ന ബുദ്ധിമുട്ടും ചെലവും അദ്ദേഹത്തിന് ഒഴിവായി കിട്ടി. ഈ കുരുക്കൾ വാരിക്കൂട്ടി പത്തുദിവസം ഉണങ്ങിയതിനുശേഷം പരിപ്പെടുക്കുന്നു. ഈ പരിപ്പ് പത്തുദിവസം കൂടി ഉണക്കിയതിനുശേഷം എണ്ണെയടുക്കുന്നു. ഒരു കിലോ പരിപ്പിൽ നിന്നും 750 മുതൽ 800 മില്ലിലിറ്റർ എണ്ണ കിട്ടും. കുരു ആട്ടുന്പോൾ അല്പം മൊളാസസ് ചേർത്താൽ കൂടുതൽ എണ്ണ കിട്ടുമെന്നാണ് ഈ കർഷകന്‍റെ അനുഭവം. അദ്ദേഹത്തിന്‍റെ മരങ്ങളിൽ നിന്നും 500 കിലോ കായ വരെ ലഭിച്ചിരുന്നുവത്രേ.

അലക്സാണ്ടിയൻ ലോറൽ, ഇന്ത്യൻ ലോറൽ, ബാൾമരം, ഇന്ത്യൻ സൂംബാഎണ്ണമരം, ഉണ്ടി, തമാനു മുതലായ പല പേരുകളിലും അറിയപ്പെടുന്ന പുന്നമരത്തിന്‍റെ ശാസ്ത്രീയ നാമം ഇമഹീുവ്യഹഹൗാ ശിീുവ്യഹഹൗാ എന്നാണ്. കുടംപുളിയുടെ വർഗത്തിൽപെട്ട ഈ മരം എട്ടു മുതൽ 20 മീറ്റർ വരെ വളരുന്നതും വർഷം മുഴുവൻ പുഷ്പിക്കുന്നതും കായ്ക്കുന്നതുമാണ്. തൈകൾ നാലു മുതൽ അഞ്ചു വർഷം കൊണ്ട് പൂക്കും. ഏതുതരം മണ്ണിലും വളരും. നല്ല ആഴത്തിൽ വളരുന്ന വേരുകളാണുള്ളത്. അഞ്ചു മാസം വരെ ദൈർഘ്യമുള്ള വരൾച്ചയെ ചെറുക്കാൻ കഴിവുണ്ട്. അഞ്ചുവർഷം പ്രായമുള്ള മരത്തൽ നിന്നും 20 കിലോ വരെ വിത്തുകൾ ലഭിക്കാം. ഇതു വർധിച്ച് 25 വർഷമാകുന്പോഴേക്കും 300 മുതൽ 500 കിലോ വരെ ലഭിക്കാം. ഉണങ്ങിയ വിത്തിന് നാലു ഗ്രാം തൂക്കമുണ്ടാകും. വിത്തിനുള്ളിലെ പരിപ്പിന്‍റെ വ്യതിയാനം 4352 ശതമാനം വരെയാകാം. പരിപ്പിൽ നിന്നും 55 ശതമാനം മുതൽ 73 ശതമാനം വരെ എണ്ണകിട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു മരത്തിൽ നിന്നും 11.7 കിലോ എണ്ണ കിട്ടും. നന്നായി ഉണങ്ങിയ വിത്തിൽ നിന്നും മാത്രമേ എണ്ണകിട്ടുകയുള്ളു.

പുന്നത്തടി ഉറപ്പുള്ള തടിയായതിനാൽ വള്ളം നിർമിക്കുവാൻ ഉപയോഗിക്കുന്നു. വള്ളം വെള്ളത്തിൽ അനായാസം നീങ്ങുന്നതിന് അടിയിൽ പുന്നയെണ്ണ പുരട്ടുന്നു. പച്ചയായ തടി കത്തിച്ചാൽ ഉണക്കവിറകുപോലെ കത്തും. തടിയിലുള്ള റെസിൻ മൂലമാണ് പച്ചയ്ക്കു കത്തുന്നത്. പുന്നയെണ്ണയ്ക്ക് ആന്‍റിബയോട്ടിക്കുപോലെ പ്രവർത്തിക്കാനും നീരുകുറയ്ക്കുവാനും കഴിവുണ്ട്. ഉണങ്ങാത്ത മുറിവുകൾ ഉണക്കാനും പുതിയ കോശങ്ങളെ ഉത്പാദിപ്പിച്ച് മുറിവുഭേദപ്പെടുത്തുവാനുമുള്ള കഴിവ് പുന്നയെണ്ണയുടെ പ്രത്യേകതയാണ്. ഇക്കാരണത്താൽ ചില രാജ്യങ്ങളിൽ പുന്ന ദൈവികവൃക്ഷമായും കരുതപ്പെടുന്നു.

പുന്നയെണ്ണ ബയോഡീസൽ ആയി ഉപയോഗിക്കുന്നതിന് പല പഠനങ്ങളും നടന്നിട്ടുണ്ട്. എണ്ണയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മീതൈൽ എസ്റ്റർ (ഈ രൂപത്തിലാണ് ഇന്ധനമായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്) യുഎസ്എ യുടേയും യൂറോപ്യൻ യൂണിയന്‍റെയും മാനദണ്ഡത്തിനനുസരിച്ച് ബയോഡീസലായി ഉപയോഗിക്കാൻ അനുയോജ്യമാണ്. ഇന്ത്യൻ ബയോഡീസൽ കോർപ്പറേഷന്‍റെ (ബാരാമതി, പൂന, മഹാരാഷ്ട്ര) പഠനങ്ങളിൽ നിന്നും പുന്നയെണ്ണയുടെ മീതൈൽ എസ്റ്റർ ഒരു ഉത്തമ ബയോഡീസൽ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡീസലിന്‍റെ കൂടെ 20 ശതമാനം വരെ ഈ ഇന്ധനം ചേർത്താൽ എൻജിനിൽ മാറ്റം വരുത്താതെ തന്നെ ഉപയോഗിക്കാമെന്നും മലിനീകരണം 50 ശതമാനം വരെ കുറയ്ക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പുന്നയെണ്ണയിൽ നിന്നും 89 ശതമാനം വരെ മീതൈൽ എസ്റ്റർ ലഭിക്കുമെന്ന അറിവ് ഇന്ധന സാധ്യത മറ്റു സ്രോതസുകളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണെന്ന് മനസിലാക്കാം. എന്നിട്ടും ഒരു ഏജൻസികളും ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കം, ഈ കണ്ടുപിടിത്തം പ്രയോഗികതലത്തിലെത്തിക്കാൻ ശ്രമിക്കാത്തത് അദ്ഭുതം തന്നെ.

പുന്ന എണ്ണയിൽ 10 ശതമാനം മുതൽ 30 ശതമാനം വരെ റെസിൻ എന്ന പദാർഥം അടങ്ങിയിരിക്കുന്നതിനാൽ എണ്ണ നേരിട്ടു വാഹനങ്ങളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ റെസിൻ എളുപ്പം മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എങ്കിലും റെസിൻ തുലോം കുറഞ്ഞ ഇനങ്ങൾ വികസിപ്പിക്കുകയാണ് നല്ല മാർഗം.

പരാഗണം തേനീച്ചകളിലൂടെ ആയതിനാൽ പുന്ന കൃഷിയിയൂടെ തേനുത്പാദനം വർധിപ്പിക്കാം. കായപിടിത്തം കൂടുകയും ചെയ്യും. ഉറപ്പുള്ള തടി ഫർണീച്ചർ മുതലായവ നിർമിക്കാൻ പറ്റിയതാണ്. ഉപോത്പന്നമായ പിണ്ണാക്ക് വളമാണ്. കുട്ടനാട്ടിലെ ലവണാംശമുള്ള ചെളി മണ്ണിൽ വളരുന്നതിനാൽ ഇന്ന് ഉപയോഗശൂന്യമായിക്കിടക്കുന്ന തരിശു ഭൂമി വരുമാന സ്രോതസാക്കി മാറ്റാം. സീവേജ് മൂലമുണ്ടാകുന്ന മലിനജലം ഉപയോഗിച്ച് പുന്നമരം വളർത്താനുള്ള സാധ്യതയെപ്പറ്റി ഗവേഷണം നടത്തിയാൽ മഴകുറഞ്ഞ തരിശുപ്രദേശങ്ങളിൽ ഇത്തരം സീവേജ് പ്ലാന്‍റുകളോടനുബന്ധിച്ച് ബയോഡീസൽ തോട്ടങ്ങളുണ്ടാക്കിയാൽ മണ്ണിൽ ധാരാളം ജൈവാംശം ലഭ്യമാകുകയും ഈ മലിനജലം ഫലവത്തായി പ്രായോജനപ്പെടുത്തുകയും ചെയ്യാം. നല്ല വിളവുള്ളതും കൂടുതൽ എണ്ണകിട്ടുന്നതും റെസിൻ വളരെ കുറഞ്ഞ തോതിൽ ഉള്ളതുമായ ഇനങ്ങളുടെ ഒട്ടുതൈകൾ ലഭ്യമാക്കുന്നതിന് ഗവേഷണം ആവശ്യമാണ്. മഴവെള്ളം സംഭരിച്ച് കൃഷിചെയ്യാം. തോട്ടങ്ങളോട് അനുബന്ധമായി ജനറേറ്ററുകൾ സ്ഥാപിച്ച് വികേന്ദ്രിത വൈദ്യുതിയുല്പാദനവും സാധ്യമാക്കാം. ഏതാനും മരങ്ങളുണ്ടെങ്കിൽ ഒരു കർഷകന് സ്വന്തമായി ഉൗർജത്തിന്‍റെ ആവശ്യകത നിറവേറ്റാൻ കഴിയും. വളരെയധികം തൊഴിൽ സാധ്യതയും ഉണ്ടാകും.

ലേഖകൻ കുമരകത്തുപോയി പുന്നക്കായകൾ സംഘടിപ്പിച്ച് തൈകളുണ്ടാക്കി സ്വന്തം സ്ഥലത്തു നട്ടു പരീക്ഷിക്കുന്നുണ്ട് (ഇലപ്പള്ളി, ഇടുക്കിജില്ല). രണ്ടു വേനൽക്കാലവും രണ്ടുമഴക്കാലവും കഴിഞ്ഞപ്പോൾ നനകൂടാതെ നല്ലവളർച്ച കാണുന്നുണ്ട്. നല്ല വേരുപടലമുള്ള രണ്ടരയടിയോളം വളർന്ന തൈകൾ പിടിച്ചുകിട്ടാൻ എളുപ്പമാണെന്നു മനസിലായി. നല്ല താഴ്ചയുള്ള മണ്ണിൽ ജൂണ്‍മാസത്തിൽ നട്ടാൽ തൈകൾ പിടിച്ചു കിട്ടാൻ എളുപ്പമാണ്. താഴ്ച കുറഞ്ഞ പാരക്കെട്ടുള്ള മണ്ണിൽ ഉണങ്ങിപോകുന്നതായി കണ്ടു. എങ്കുലും നിരീക്ഷണം തുടരുന്നു. തെങ്ങിന് ഇടവിളയായും പുന്ന നടാം.

പുന്നയെണ്ണയുടെ വാണിജ്യസാധ്യത ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തേണ്ട അനുകൂല സമയമാണിപ്പോൾ. മലേഷ്യ ഗവേഷണത്തിലൂടെ റബറിനെ ഒരു തോട്ടവിളയാക്കി മാറ്റിയതുപോലെ, ഇന്തോനേഷ്യ പുന്നയിൽ ഗവേഷണം നടത്തി ഹെക്ടറിന് 20 ടണ്ണോളം കുരു ഉല്പാദിപ്പിക്കുന്ന കഴിവു നേടിയിരിക്കുന്നു. കേരളകാർഷിക സർവകലാശാല, റബർ ബോർഡ് എന്നീ സ്ഥാപനങ്ങൾക്ക് പുന്നയെണ്ണയുടെ സാധ്യത പഠനവിധേയമാക്കാം. ഒരു കർഷകൻ നല്ല മാതൃക കാണിച്ചുതന്നുകഴിഞ്ഞു. സാധ്യതയെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. നയവും മനസുമാണ് ആവശ്യം. കാർഷിക മേഖലയ്ക്കു ഒരു നേട്ടവുമായിരിക്കും.(സംശയങ്ങൾക്ക് 04862288202 എന്ന നന്പരിൽ രാത്രി 9.30 നു ശേഷം വിളിക്കുക.)

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്‍റിസ്റ്റ് (റിട്ട)
ഐസിഎആർ

Related posts