തൃപ്പൂണിത്തുറ: സിപിഐ നടത്തിയ വിമർശനങ്ങൾ മുന്നണിയെ നന്നാക്കുവാൻ വേണ്ടി മാത്രമാണെന്നു സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഉദയംപേരൂരിൽ വിവിധ പാർട്ടികളിൽ നിന്നും സിപിഐ യിൽ ചേരുന്നവരെ സ്വീകരിക്കുവാൻ പൂത്തോട്ടയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിശകുണ്ടെങ്കിൽ തിരുത്തണം, ചിലതു പരസ്യമായി പറയേണ്ടി വന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുവാൻ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. എൽഡിഎഫ് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ്. ചെറിയ അബദ്ധം മൂലമാണ് ബംഗാൾ നഷ്ടമായത്. ബംഗാളിലെ അനുഭവം ആവർത്തിക്കുവാൻ പാടില്ല. എൽഡിഎഫ് ഒരേ മനസോടെ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. ഇപ്പോഴത്തെ തർക്കങ്ങൾ കണ്ടിട്ടു മുന്നണി തകരുമെന്ന് ആരും കരുതേണ്ട. ഇത് ഒരു കുടുംബത്തിലെ പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കപ്പെടുകയും ചെയ്യും.
ഇന്ത്യയ്ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടുവാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാക്ഷരത, ആരോഗ്യരംഗത്തെനേട്ടങ്ങൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഇടതുപക്ഷ ഭരണത്തിന്റെ നേട്ടങ്ങളാണ്. ഇടതുപക്ഷം ഇനിയും വിപുലീകരിക്കപ്പെടണം.കമ്യൂണിസ്റ്റ് ആശയങ്ങൾ ഉള്ളവർ ഒന്നിച്ചു നിൽക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
യോഗത്തിൽ എൻ.എൻ. സോമരാജൻ അധ്യക്ഷനായിരുന്നു. കെ.ആശ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, ടി. രഘുവരൻ, മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു. എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂത്തോട്ട ലോ കോളേജ് വിദ്യാർഥി നവ്യ മേനോൻ, സംസ്ഥാനത്തെ മികച്ച ലൈഫ് ഗാർഡായി തെരഞ്ഞെടുക്കപ്പെട്ട സി. മഹേശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എ. ഗോപി സ്വാഗതം പറഞ്ഞു.