ബാബു ചെറിയാൻ
കോഴിക്കോട്: ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിപണി കീഴടക്കുന്നു. മിഠായികൾ, ജെല്ലികൾ,എണ്ണപ്പലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ,ഷവർമ തുടങ്ങിയവയാണ് ബന്ധപ്പെട്ട നിയമങ്ങളൊന്നും പാലിക്കാതെ തോന്നിയതുപോലെ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത്.
ജെല്ലി മിഠായി കഴിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് കാപ്പാട് സ്വദേശിയായ നാലു വയസുകാരൻ മരിച്ചതാണ് വിഷമിഠായി ദുരന്തപരമ്പരയിലെ ഒടുവിലത്തെ സംഭവം. ഷവർമ കഴിച്ചും കേരളത്തിൽ മരണമുണ്ടായി. ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ തടയാൻ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ( എഫ്എസ്എസ്ഐ), സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങി ബന്ധപ്പെട്ട അധികൃതരാവട്ടെ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല.
കുടിൽ വ്യവസായം, സ്വയംതൊഴിൽ എന്നിങ്ങനെ നിരവധി സ്വകാര്യസംരംഭകർ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുമ്പോൾ ഒട്ടും നിലവാരമില്ലാത്തതും മായം ചേർത്തതുമായ സാധനങ്ങളും വലിയ തോതിൽ വില്പനക്കെത്തുന്നു. മനുഷ്യശരീരത്തിന് അത്യന്തം ഹാനികരമായ നിരോധിത നിറങ്ങൾ, പഞ്ചസാരയ്ക്കു പകരമായി സാക്റീൻ, ഗുണനിലവാരം കുറഞ്ഞ എണ്ണ, നിരന്തരമായി എണ്ണയുടെ പുനരുപയോഗം, ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഉത്പാദനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ്, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിപത്രം ഇവയൊക്കെ ആവശ്യമാണെങ്കിലും ഇതൊന്നുമില്ലാതെയാണ് പല നിർമാണശാലകളും പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് മായം ചേർത്ത മിഠായികളും മറ്റും കൂടുതൽ എത്തുന്നത്.
അവിടെ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കൾക്ക് വില കുറവാണ്. വൻ ലാഭം കിട്ടുന്ന ഏർപ്പാടായതിനാൽ ലോഡ്കണക്കിന് ഉത്പന്നങ്ങൾ ട്രെയിനിലും ട്രക്കുകളിലുമായി ദിവസവും കേരളത്തിലെത്തുന്നു. പ്ലാസ്റ്റിക് ചാക്കുകളിൽ കടകളുടെ വരാന്തകളിലും വൃത്തിഹീനമായ സ്ഥലങ്ങളിലുമൊക്കെ ഭക്ഷ്യവസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം.
ചായക്കടകളിലെ ചില്ലലമാരകളിൽ അടുക്കി വയ്ക്കുന്ന എണ്ണപ്പലഹാരങ്ങൾ എവിടെ, എങ്ങനെയൊക്കെ ഉത്പാദിപ്പിച്ചവയെന്ന് ചായ കുടിക്കാനെത്തുന്നവർ അന്വേഷിക്കാറില്ല. ഉപയോഗിച്ചു പഴകിയ കവറുകളിലും പത്രങ്ങളിലുമൊക്കെ പൊതിഞ്ഞാണ് ഇവ കടകളിൽ എത്തിക്കുന്നത്. എണ്ണ പടർന്ന് വൃത്തികേടായ കവർ രോഗാണുക്കളുടെ കേന്ദ്രമായിരിക്കും.
വിവിധ കമ്പനികളുടെ ഇരുപതിനം ബ്രാൻഡഡ് മിഠായികൾ അത്യന്തം ഹാനികരമാണെന്ന് മെഡിക്കൽ ജേണലുകളിൽ മുന്നറിയിപ്പുണ്ട്. കൃത്രിമ നിറം, രാസവസ്തുക്കൾ, കൂടൂതൽ അളവിൽ മധുരം, കൊഴുപ്പ്, കൃത്രിമ രുചിക്കൂട്ട് എന്നിവ ചേർത്ത് നിർമിക്കുന്നവയാണ്, ചാനലുകളിൽ സുന്ദരികളും സുന്ദരന്മാരുമായ മോഡലുകളുടെ വാചക്കസർത്തുകളുള്ള പരസ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ഉത്പന്നങ്ങൾ. കുട്ടികൾക്കായുള്ള മിഠായികൾ മോഡലുകളായ യുവതീയുവാക്കളെക്കൊണ്ടു കഴിപ്പിക്കുന്നതാണ് ആകർഷകമായ കവറും ചോക്കലേറ്റ് രുചിയുമുള്ള ചിലവയുടെ പരസ്യം.
വൻകുടലിനും, ആമാശയത്തിനും, രക്തക്കുഴലിനും ഹാനികരമായ ഇവ കാൻസറിനും കാരണമാകുമെന്നും ജേണലുകളിൽ മുന്നറിയിപ്പുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ചിലയിനം മിഠായികൾ കുട്ടികളെ അവയ്ക്ക് അടിമകളാക്കുന്നതായും മെഡിക്കൽ ജേണലുകളിലുണ്ട്.
മയക്കുമരുന്നിന്റെ സ്വാധീനം പോലെ കുട്ടികളെ രുചിയുടെ അടിമത്തത്തിലാക്കാനുള്ള വസ്തുക്കൾ ഇവയിൽ ചേർക്കുന്നുണ്ടെന്നു വേണം സംശയിക്കാൻ. ചില കുട്ടികൾ പ്രത്യേകതരം മിഠായികൾക്കുവേണ്ടി വാശിപിടിക്കുന്നത് പലപ്പോഴും മാതാപിതാക്കൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
വിഷാംശം നിറഞ്ഞ വിവിധതരം ശീതളപാനീയങ്ങളും വിപണിയിലുണ്ട്. പൊട്ടാസ്യം ബെൻസോയേറ്റ്, സോഡിയം സൈക്ലോമേറ്റ്, ചെക്റ്റിൻ, അൽജിനേറ്റ് തുടങ്ങിയ രാസവസ്തുക്കളാണ് ഇത്തരം പാനീയങ്ങളിൽ ഉപയോഗിക്കുന്നത് .
ഇവ കഴിച്ചാൽ ആമാശയവും ചെറുകുടലും വൻകുടലും തകരാറിലാകും . പതിവായി ഇവ കഴിക്കുന്നത് ഭക്ഷണത്തോടു വിരക്തിയുണ്ടാകാനും ഇടയാക്കും. ഇതേതുടർന്നു ഭക്ഷണങ്ങളിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കുടലിന്റെ ശക്തി ക്ഷയിച്ച് ഒടുവിൽ കാൻസർ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ ആരോഗ്യവിഭാഗം ഒട്ടൊക്കെ ക്രിയാത്മകമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും നിർമാണശാലകൾ റെയ്ഡ് ചെയ്യാനോ, ഉത്പന്നങ്ങൾ കണ്ടുകെട്ടാനോ അധികാരമില്ല.
കേടായതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കാൻ മാത്രമേ ഇവർക്ക് അധികാരമുള്ളു. നിയമം കർശനമാക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗമാകട്ടെ, എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനയ്ക്ക് തുനിയാറുള്ളത്.