വി.ആര്. അരുണ്കുമാര്
കൂരിരിട്ടുള്ള രാത്രിയിൽ വെള്ളസാരിയുമുടുത്ത് വികൃതമായ മുഖത്തോടെ ഇരകളുടെ രക്തം കുടിക്കാൻ നടക്കുന്ന പ്രേതങ്ങളുടെ കഥകേൾക്കാത്തവർ ചുരുക്കമാണ്. മനസിനെ ഭീതിയിലാഴ്ത്തിയ പ്രേതകഥകളും കുട്ടിക്കാലത്ത് നാം ആകാംക്ഷയോടെ വായിച്ചിരുന്നു. എവിടെ നിന്നാണ് ഇത്തരം പ്രേതകഥകളുടെ ഉത്ഭവമെന്നത് അജ്ഞാതം. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രേതങ്ങളിലും വിശ്വസിക്കണമെന്നാണു ചിലർ പറയുന്നത്. മറ്റുചിലരാകട്ടെ പ്രേതങ്ങളൊന്നുമില്ല അതൊക്കെ ചിലരുടെ മിഥ്യാധാരണകളാണെന്നും വിശ്വസിക്കുന്നു. എന്തായാലും പ്രേതങ്ങൾ കുട്ടികളും മുതിർന്നവരും എക്കാലത്തും ആകാംക്ഷയോടെ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്.
വിശ്വാസത്തെയും അവിശ്വാസത്തെയും അതിന്റെ വഴിക്ക് വിടാം. കുറച്ചു മാസങ്ങൾക്ക് മുന്പ് തിരുവനന്തപുരം ബോണക്കാട്ടെ ഒരു ബംഗ്ലാവിനെക്കുറിച്ച്് ചില “പ്രേത’ വാർത്തകൾ സോഷ്യൽ മീഡിയ വഴിയും ഓണ്ലൈൻ മാധ്യമങ്ങൾ വഴിയും പ്രചരിക്കുകയുണ്ടായി. ബോണക്കാട്ടെ പ്രേതത്തെ കണ്ടെത്താൻ പലരും അങ്ങോട്ട് യാത്രതിരിച്ചു. മിക്കവരും നിരാശരായാണ് മടങ്ങിയത്. മറ്റു ചിലർ പ്രേതത്തെ കണ്ടെന്ന അവകാശവുമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ മറ്റാരും കാണാത്ത മറുപുറം ബോണക്കാട് എന്ന സ്ഥലത്തിനുണ്ട്. ജീവിതത്തോട് പടവെട്ടി ഓരോ ദിവസവും തള്ളിനീക്കുന്ന കുറേ ജീവിതങ്ങളുണ്ടിവിടെ. ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾ. ഒരു കാലത്ത് എല്ലാ സൗഭാഗ്യങ്ങളോടെ താമസിച്ച ഇവർ ഇന്ന് ഓരോ ദിവസവും തള്ളിനീക്കാൻ പാടുപെടുകയാണ്.
ബോണക്കാട്ടിലെ പ്രേതബംഗ്ലാവും, പ്രേതകഥയും
ബോണക്കാട്ടിലെ പ്രേതബംഗ്ലാവിനെക്കുറിച്ച് ഏതാനും മാസങ്ങൾക്ക് മുന്പാണ് സോഷ്യൽ മീഡിയകളിൽ കഥകൾ പ്രചരിച്ചത്. തിരുവനന്തപുരം അഗസ്ത്യമലകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ പ്രേതമുണ്ടെന്നാണ് പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥയിങ്ങനെ: ബോണക്കാട് എസ്റ്റേറ്റിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ ബ്രിട്ടീഷുകാരനായ മാനേജരാണ് 1951ൽ കരിങ്കല്ലുകൊണ്ട് വലിയ ബംഗ്ലാവ് നിർമിച്ചത്. പിന്നീട് ഇയാളും കുടുംബവും ബംഗ്ലാവിൽ താമസമാക്കി. കുറച്ചു നാളുകൾക്ക് ശേഷം എസ്റ്റേറ്റ് മാനേജരുടെ 13 വയസുള്ള മകളെ ദുരൂഹമായ സാഹചര്യത്തിൽ ബംഗ്ലാവിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇവിടെ നിന്നും ബ്രിട്ടനിലേക്കു തിരിച്ചുപോയി.
പിന്നീട് ഈ ബംഗ്ലാവിൽ താമസിച്ച പലരും രാത്രികാലങ്ങളിൽ ഒരു പെണ്കുട്ടിയെ കാണുകയും വലിയ അലർച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനൽ ചില്ലുകൾ തകരുന്ന ശബ്ദവും കേൾക്കുകയും ചെയ്തുവത്രേ. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റത്തോടെയായിരുന്നു. നിരക്ഷരയായ ആ പെണ്കുട്ടി പാശ്ചാത്യ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയെന്നും ദിവസങ്ങൾക്കു ശേഷം പെണ്കുട്ടി മരണപ്പെടുകയുണ്ടായതായും കഥകളുണ്ട്. എന്നാൽ ബോണക്കാട് ജനിച്ചുവളർന്ന ബോണക്കാട് ഡിവിഷൻ വാർഡ് മെന്പർ സതീഷ് കുമാർ ഈ കഥകളെല്ലാം പൂർണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്.
എന്നിരുന്നാലും ഗൂഗിളിൽ മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇൻ കേരള എന്നു സേർച്ചു ചെയ്താൽ ആദ്യം ബോണക്കാട് ബംഗ്ലാവിന്റെ പേരാണ് ചാടിവരുന്നത്. ബോണക്കാടിന്റെ കഥകളറിഞ്ഞ് പ്രേതഭയമില്ലാത്തവർ പലരും ഇവിടെയെത്തി. ഇങ്ങനെ വരുന്നവരോട് നാട്ടുകാർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ആനയും പുലിയും വിഹരിക്കുന്ന കാടാണിത്. ഏത് നിമിഷവും ഒറ്റയാൻ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് പ്രേതത്തെ അന്വേഷിച്ച്, സുഖവിവരങ്ങൾ തിരക്കി ഇവിടേക്ക് ആരും വന്നേക്കരുതെന്നാണ്.
ബോണക്കാട് കാഴ്ചയ്ക്കപ്പുറം
ബോണക്കാട് പ്രേതകഥകളിൽ നിറയുന്പോൾ ആരും കാണാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ പട്ടിണിയും പരിവട്ടവുമായി ഒാരോ ദിവസവും തള്ളിനീക്കുന്ന കുറേ ജീവിതങ്ങളുണ്ടിവിടെ. തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിലാണ് ബോണക്കാട് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തിനു മുന്പ് ബ്രിട്ടീഷ് ആധിപത്യകാലത്ത് മലയോര മേഖലയായ പൊന്മുടി, ബോണക്കാട് കുന്നുകളിൽ തേയില, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജന കൃഷിക്കുവേണ്ടിയാണ് തൊഴിലാളികൾ ഇവിടെയെത്തിയത്. ബോണക്കാട്, പൊന്മുടി തുടങ്ങിയ പ്രദേശങ്ങളിൽ പരന്നുകിടക്കുന്ന എസ്റ്റേറ്റുകളിൽ കൃഷിനടത്തി വിളവെടുത്തിരുന്നത് ബ്രിട്ടീഷുകാരായിരുന്നു. ഇതിനുശേഷം ബോണക്കാട് എസ്റ്റേറ്റ് മുംബൈ ആസ്ഥാനമായുളള ബൻസാലി ഗ്രൂപ്പിന്റെ കൈയിലെത്തുകയായിരുന്നു.
അത്യാധുനിക സംവിധാനത്തോടെയുളള ബോണക്കാട് എസ്റ്റേറ്റിൽ തൊഴിലെടുക്കാനെത്തിയത് തമിഴ്നാട്ടിൽ നിന്നുളള ആയിരത്തിൽപരം തൊഴിലാളി കുടുംബങ്ങളായിരുന്നു. പിന്നീട് ഇവർ റേഷൻകാർഡും തിരിച്ചറിയൽ കാർഡുമൊക്കെയായി ബോണക്കാട്ടുകാരായി മാറി. തേയില, റബർ, ഏലം, കുരുമുളക് തുടങ്ങിയ കൃഷികളിൽ നിന്നായി പ്രതിവർഷം കോടികളുടെ ലാഭമാണ് ബൻസാലി ഗ്രൂപ്പ് എസ്റ്റേറ്റിൽ നിന്നും കൊയ്തത്. അന്ന് തൊഴിലാളികൾക്കായി സർക്കാർ ബോണക്കാട്ടിൽ പോസ്റ്റ് ഓഫീസ്, ആശുപത്രി, സ്കൂൾ എന്നിവ ആരംഭിച്ചു. താമസിക്കാനായി ഓലമേഞ്ഞ നൂറുകണക്കിന് ലയങ്ങളും തൊഴിലാളികൾ ഇവിടെ നിർമിച്ചു.
വർഷങ്ങളോളം പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവർത്തിച്ച എസ്റ്റേറ്റിൽ 1997 കാലഘട്ടത്തിൽ ശന്പള പ്രശ്നം ഉടലെടുത്തു. തൊഴിലാളികൾക്കു ശന്പളവും പ്രൊവിഡന്റ് ഫണ്ടും മുടക്കം വരുത്തിയ അധികൃതർക്കെതിരേ ജീവനക്കാർ രംഗത്തു വന്നതോടെ എസ്റ്റേറ്റിന്റെ നല്ലകാലം അസ്തമിച്ചു. തൊഴിൽ പ്രശ്നങ്ങളും സമരങ്ങളും ഉണ്ടായതോടെ കന്പനി തകർന്നു. മാറിമാറി വന്ന സർക്കാരുകൾ ഇടപെട്ടെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് എസ്റ്റേറ്റ് പൂട്ടി. കന്പനി കൈവിട്ട തൊഴിലാളികൾ ഭൂരിഭാഗവും മറ്റിടങ്ങളിലേക്ക് പോയി. എന്നാൽ മടങ്ങിപ്പോകാൻ ഇടമില്ലാത്ത ഇരുന്നൂറിൽപരം തൊഴിലാളി കുടുംബങ്ങൾ ജീവിക്കാൻ മാർഗമില്ലാതെ പട്ടിണിയും പരിവട്ടവുമായി തകർന്ന ലയങ്ങളിൽ ഇന്നും ജീവിതം തളളിനീക്കുകയാണ്. ക്ഷേമപെൻഷനുകളും തൊഴിലുറപ്പു പണികളുമാണ് ഇവരുടെ ഏകവരുമാനമാർഗം. ക്ഷേമപെൻഷനുകൾ യഥാസമയം ലഭ്യമാകുന്നില്ലെന്ന് വാർഡ് മെന്പർ സതീഷ്കുമാർ പറയുന്നു.