വടകര: അനുമതിയില്ലാതെ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തെന്ന ഭർത്താവിന്റെ പരാതിയിൽ വടകര സീയം ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചോറോട് മുട്ടുങ്ങൽ വെസ്റ്റിലെ ചാലിയോട്ട് റിയാസിന്റെ പരാതിയിേ·ലാണ് നടപടി. ഇദ്ദേഹത്തിന്റെ ഭാര്യ നിഷീന(28)യുടെ ഗർഭപാത്രം സമ്മതമില്ലാതെ നീക്കം ചെയ്തതായും അന്വേഷിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ട് റിയാസ് ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു.
ഇതു സംബന്ധിച്ച് കേസെടുത്ത വടകര പോലീസ് അന്വേഷണം ആരംഭിച്ചു.പ്രസവത്തിനു ശേഷം ബന്ധുക്കളെ കാര്യങ്ങൾ വിശദീകരിക്കാതെ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തെന്നാണ് പരാതി. സീയം ആശുപത്രിയിലെ ഡോ:ജീനാ ബാബുരാജിനെതിരെയാണ് പരാതി. പ്രസവ സമയത്തുണ്ടായ കൈപിഴയെ തുടർന്നാണ് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതെന്നാണ് സംശയിക്കുന്നതെന്ന് ഭർത്താവ് റിയാസും നിഷീനയുടെ ബന്ധുക്കളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇക്കഴിഞ്ഞ ആറിനാണ് നിഷീനയുടെ പ്രസവം നടന്നത്. രക്തസ്രാവമുള്ളതായും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞതായി റിയാസ് പറഞ്ഞു. വെള്ളക്കടലാസിൽ ഒപ്പിടുവിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഗർഭപാത്രം നീക്കം ചെയ്തതാണെന്ന് അറിയുന്നത്.
അതേസമയം പരാതി വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രേഖാമൂലം അനുമതി വാങ്ങിയാണ് ഗർഭപാത്രം നീക്കം ചെയ്തത്. ഗർഭപാത്രം നീക്കം ചെയ്തില്ലെങ്കിൽ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.