ഭക്തവസ്തുക്കള്‍
സാത്താനെ സൂചിപ്പിക്കുന്ന ഒരു കൈമുദ്രയ്ക്കു സാത്താന്‍ പ്രേമികള്‍ വന്‍ പ്രചാരം നല്കുന്നുണ്ട്. അടുത്ത കാലത്തായി ഈ മുദ്ര യുവതലമുറയ്ക്കിടയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു. സിനിമാറ്റിക് ഡാന്‍സുകളിലും മറ്റും ഇത്തരം മുദ്രകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടീഷര്‍ട്ടുകളിലും മറ്റും ഈ മുദ്രപതിപ്പിച്ചു നടക്കുന്നവരെയും കാണാം. ഒരു സ്റ്റൈല്‍ എന്നതിലുപരി എന്താണ് ഇതിന്റെ അര്‍ഥമെന്നു പലര്‍ക്കും അറിയില്ല എന്നതാണു യാഥാര്‍ഥ്യം. ചൂണ്ടു വിരലും ചെറുവിരലും കൊമ്പുകള്‍ പോലെ മുകളിലേക്ക് ഉയര്‍ത്തി കാണിക്കുന്ന ഈ മുദ്ര സാത്താനെ പ്രതിനിധീകരിക്കുന്നതാണ്. ഈ മുദ്ര കാണിക്കുന്നവര്‍ സാത്താന്‍ ജയിക്കട്ടെ എന്ന ആശയമാണു പ്രകടിപ്പിക്കുന്നത്.
വ്യാജഭക്തവസ്തുക്കളാണ് ഈ രംഗത്തു ഭീഷണിയായി മാറിയിരിക്കുന്ന മറ്റൊരു ഘടകം. സാത്താനികമായ ചിഹ്നങ്ങളും പ്രതീകങ്ങളും ഭക്തവസ്തുക്കളില്‍ തന്ത്രപരമായ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രീതിയാണിത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒന്നാണു സാത്താനിക ജപമാല.
യഥാര്‍ഥ കൊന്തയുടെ അവിഭാജ്യഘടകമാണു ക്രൂശിതരൂപം. എന്നാല്‍, സാത്താനിക കൊന്തയില്‍ ക്രിസ്തുവിനെ നിന്ദിക്കുന്നതിന്റെ ഭാഗമായി തലകീഴായ ക്രൂശിതരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ സാത്താന്‍ പ്രേമികളുടെ പ്രധാന ചിഹ്നമായ തലകീഴായ പെന്റഗ്രാമും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. കന്യകാമറിയത്തിന്റെ രൂപവും തല കീഴായി കോര്‍ക്കും. ഇത്തരം വ്യാജജപമാലകളെ വൈകൃതങ്ങള്‍ നിറഞ്ഞ അനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പതിവും ചില സംഘങ്ങള്‍ക്കിടയിലുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം വ്യാജജപമാലകളെ തിരിച്ചറിയാനാകും. എന്നാല്‍, ചില സാത്താനിക ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന വ്യാജജപമാലകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ന്യൂ ഏജ് റോസറിയുടെ മറവില്‍ ഇത്തരം വ്യാജജപമാലകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എങ്ങനെ ഇതൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആശങ്കയോടെ പലരും ഉയര്‍ത്തുന്ന ചോദ്യം. ജപമാല ഉള്‍പ്പെടെയുള്ള ഭക്തവസ്തുക്കള്‍ മതസ്ഥാപനങ്ങളുടെ അംഗീകൃതകേന്ദ്രങ്ങളില്‍നിന്നു മാത്രം വാങ്ങുകയെന്നതാണ് ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍. വഴിയോരങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ അപരിചിതര്‍ വിറ്റഴിക്കുന്ന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ആരെങ്കിലും സമ്മാനിക്കുകയോ മറ്റോ ചെയ്യുന്ന കൊന്തയും മറ്റു സാധനങ്ങളും ശ്രദ്ധയോടെ പരിശോധിച്ചിട്ടു വേണം ഭക്തകാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍.
സംഗീതത്തിലും
സംഗീതം മനസിന് ആനന്ദവും ഉല്ലാസവും പകരുന്നവയാണ്. അതിനൊപ്പം തന്നെ മനുഷ്യനെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളും സംഗീതത്തില്‍ ഉള്‍ച്ചേരുന്നു. മനുഷ്യനെ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനും സ്വാധീനിക്കാനും കഴിയുന്ന കല കൂടിയാണു സംഗീതം. എന്നാല്‍, സംഗീതത്തെയും തിന്മയുടെ ശക്തികള്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ഇതു തിരിച്ചറിയാത്തതിന്റെ ഫലമോ, കടുത്ത ദൈവവിശ്വാസികള്‍ പോലും പലപ്പോഴും സാത്താന്‍ സ്തുതികളും മറ്റും ഏറ്റുപാടിയും കേട്ട് ആസ്വദിച്ചും കബളിപ്പിക്കപ്പെടുന്നു. റോക്ക് മ്യൂസിക്, റാപ് മ്യൂസിക് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഇന്നു ലോകത്തില്‍ ഏറ്റവുമധികം സാത്താനിക സ്തുതികള്‍ പ്രചരിപ്പിക്കപ്പെടുന്നത്. നമ്മുടെ കൗമാര-യുവതലമുറയിലെ വലിയൊരു വിഭാഗം റോക്ക് മ്യൂസിക്കിന്റെയും മറ്റും ആരാധകരാണെന്നത് അപകടക്കെണിയുടെ ആഴംകൂട്ടുന്നു. റോക്ക് മ്യൂസിക്കില്‍ വലിയൊരു ഭാഗം സാത്താനെ പ്രകീര്‍ത്തിക്കുന്നതോ സാത്താനിക ആശയങ്ങള്‍ പങ്കുവയ്ക്കുന്നതോ ആണ്. സാത്താനിസം, കുട്ടികളെ കിഡ്‌നാപ്പ് ചെയ്യല്‍, കൊലപാതകം, ലൈംഗിക അതിക്രമങ്ങള്‍, കൊള്ളടികള്‍, ആക്രമണങ്ങള്‍ തുടങ്ങിയവയാണു മിക്ക റാപ് മ്യൂസിക്കുകളുടെയും വിഷയം.
നിഗൂഢപ്രസ്ഥാനങ്ങള്‍
ലോകത്തെമ്പാടും അതീവരഹസ്യ സ്വഭാവത്തോടെ ദുരൂഹമായ അനുഷ്ഠാനരീതികളുമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഫ്രീമേസണ്‍റി (Freemasonry). ദുരൂഹതകളുടെ കൂടാരമായിട്ടാണു ഇവരുടെ കേന്ദ്രങ്ങളെ പൊതുസമൂഹം കരുതുന്നത്. ഇതിലെ അംഗങ്ങള്‍ ഫ്രീമേസണ്‍ (Freemason) എന്നാണു വിളിക്കപ്പെടുന്നത്. ഈ സംഘത്തെ വിശദീകരിക്കുക ദുഷ്കരമാണ്. മതവിശ്വാസികളെയാണു ഫ്രീമേസണ്‍റി ലക്ഷ്യമിടുന്നത്. ഒരിക്കലും ഒരു നിരീശ്വരവാദിയെ അവര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയില്ല. അതേസമയം, ഏതു മതത്തില്‍പ്പെട്ടയാളെയും ഫ്രീമേസണായി സ്വീകരിക്കും. ആരാധനാരീതികളിലും അനുഷ്ഠാനങ്ങളിലുമൊക്കെ അതീവരഹസ്യം കാത്തുസൂക്ഷിക്കുന്ന ഈ സംഘം അത്രയ്ക്കു കൂറും വിശ്വാസ്യതയും നേടുന്നവരെ മാത്രമേ സംഘത്തിലേക്കു പ്രവേശിപ്പിക്കൂ. അതുതന്നെ മിക്കപ്പോഴും സമ്പന്നരും സമൂഹത്തിലെ ഉന്നതപദവിയിലുള്ളവരുമൊക്കെയായിരിക്കും ഇവരുടെ അംഗങ്ങള്‍. ഡോക്ടര്‍മാരും ജഡ്ജിമാരും മറ്റു പ്രഫഷണലുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
വിദേശരാജ്യങ്ങളില്‍ ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും വരെ ഈ നിഗൂഢവിശ്വാസത്തിലേക്കു ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ നയരൂപീകരണത്തിലും നിയമങ്ങളുണ്ടാക്കുന്നതിലുമൊക്കെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇത്തരം സംഘങ്ങള്‍ക്കു കഴിയുന്നുണ്ടെന്നുള്ളതാണു ലോകത്തിന്റെ ഏറ്റവും വലിയ ആശങ്ക. ധാര്‍മികമൂല്യങ്ങള്‍ക്കു വിഘാതവും വിരുദ്ധവുമായ നിയമങ്ങളും മറ്റും പല രാജ്യങ്ങളിലും നിര്‍മിക്കപ്പെടുന്നതിനു പിന്നില്‍ ഇത്തരം സ്വാധീനശക്തികളുണ്ടോയെന്ന സംശയവും ലോകത്തില്‍ പ്രബലമാണ്. ഇന്ത്യയിലും കേരളത്തിലും ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഇന്ത്യയില്‍ 350തിലേറെ ലോഡ്ജുകളും ഇരുപതിനായിരത്തോളം അനുയായികളുമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടിട്ടുള്ളത്. സാത്താനിക സംഘങ്ങള്‍ പുലര്‍ത്തി വന്നിരുന്നതിനോടു സാമ്യം തോന്നുന്ന അനുഷ്ഠാന രീതികളാണ് ഇവരും വച്ചുപുലര്‍ത്തുന്നത്. ഫ്രീമേസണ്‍റിയില്‍നിന്നു പുറത്തുപോയവര്‍ പറഞ്ഞ കഥകളാണ് ഇവരുടെ ആരാധനാരീതികളെക്കുറിച്ചു ലോകത്തിനുള്ള വിവരം. പ്രത്യേകരീതിയില്‍ നല്കുന്ന ഹാന്‍ഡ് ഷേക്ക്, കോഡ് വാക്ക്, മറ്റു ചിഹ്നങ്ങള്‍ തുടങ്ങിയവയിലൂടെ ഫ്രീമേസണായിട്ടുള്ള ഒരാള്‍ക്കു മറ്റൊരാളെ തിരിച്ചറിയാന്‍ കഴിയും.
വിവിധ മതനേതൃത്വങ്ങള്‍ ഫ്രീമേസണ്‍റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നു മതവിശ്വാസികളെ വിലക്കിയിട്ടുണ്ട്. 1884ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ചാക്രികലേഖനത്തിലൂടെ ഫ്രീമേസണ്‍ ഗ്രൂപ്പുകളുടെ തത്ത്വശാസ്ത്രവും ധാര്‍മികതയും കത്തോലിക്ക സഭയ്ക്ക് എതിരാണെന്നു പഠിപ്പിച്ചു. 1983 നവംബര്‍ 26ന് മാസോണിക് ഗ്രൂപ്പുകളെക്കുറിച്ചു വത്തിക്കാനിലെ വിശ്വാസതിരുസംഘം വ്യക്തമായ വിലയിരുത്തല്‍ നടത്തി. ഈ സംഘടനയില്‍ വിശ്വാസികള്‍ അംഗമാകുന്നത് നിരോധിച്ചു. ഇത്തരം ഗ്രൂപ്പുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ പാപാവസ്ഥയിലാണെന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും തിരുസംഘം പുറപ്പെടുവിച്ച രേഖയില്‍ പറയുന്നു.
തീക്കളികള്‍
ഓജോ ബോര്‍ഡ് എന്ന പേരില്‍ കേരളത്തില്‍ കുപ്രസിദ്ധമായ അപകടക്കെണികളിലൊന്നാണു വീ ജ ബോര്‍ഡ് (Wee-juh board എന്നതാണ് ഉച്ചാരണം. Yes എന്നര്‍ഥമുള്ള ഫ്രഞ്ച്-ജര്‍മന്‍ പദങ്ങള്‍ ചേര്‍ന്ന വാക്കാണ് oui-ja). ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണു മലയാളികള്‍ക്കു മുന്നിലേക്ക് വീ ജ ബോര്‍ഡ് എന്ന കെണി വന്നു വീണത്. വീ ജ ബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതാണ് ഇതു പ്രചരിപ്പിക്കുന്നവരുടെ വാദഗതി. മനഃശാസ്ത്രജ്ഞരും മതനേതാക്കളുമുള്‍പ്പെടെ പലതവണ വീ ജ ബോര്‍ഡിനെതിരേ ശക്തമായ മുന്നറിപ്പ് നല്കിയിട്ടുണ്ട്. സോഷ്യോളജിസ്റ്റുകള്‍ വീ ജ ബോര്‍ഡ് ഉപയോഗിക്കുന്നവരെ നിഗൂഢ ശക്തികളെ ആരാധിക്കുന്നവരുടെ (cult members) ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാത്താനിക ഉപകരണങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
തിന്മയുടെ സന്ദേശങ്ങളുമായുള്ള സമരസപ്പെടലാണു അത്യന്തികമായി വീ ജ ബോര്‍ഡ് ഉപയോഗത്തില്‍ സംഭവിക്കുന്നതെന്നു മതാധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു. അതീന്ദ്രീയ ശക്തികളുടെ സാന്നിധ്യം താന്‍ അനുഭവിക്കാന്‍ പോവുകയാണെന്ന രീതിയില്‍ മനസിനെ പരുവപ്പെടുത്തുന്നവര്‍ വീ ജ ബോര്‍ഡിനരികെ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളെയും ആത്മാക്കള്‍ സംഭവിപ്പിക്കുന്നതാണെന്നു ധരിച്ചുകളയും. പലപ്പോഴും വ്യക്തികളുടെ ഉപബോധ മനസാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുക. അതീന്ദ്രീയശക്തിയുമായി ബന്ധം സ്ഥാപിക്കപ്പെട്ടെന്ന വിശ്വാസത്തിലേക്കു വഴുതി വീഴുന്ന വ്യക്തി അത്തരം ശക്തികളുടെ അടിമയായി മാറും എന്നതാണു വീ ജ ബോര്‍ഡ് ഉപയോഗത്തിന്റെ പരിണിതഫലം. കടുത്ത മാനസിക സംഘര്‍ഷം, ഒറ്റപ്പെട്ടു നില്‍ക്കാനുള്ള പ്രവണത, തെറ്റായ കാഴ്ചപ്പാടുകള്‍, നിഗൂഢമായ പെരുമാറ്റരീതികള്‍, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങി നിരവധി മാനസിക പ്രശ്‌നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
ഇനിയും സമയമുണ്ട്
അറിഞ്ഞോ അറിയാതെയോ ഇത്തരം സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരെ ശാരീരികവും മാനസികവും ആത്മീയവുമായ നിരവധി പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും തകര്‍ച്ചയാണ് ഇത്തരം അവസ്ഥകളുടെ പരിണിതഫലം. അവരുടെ ആശയങ്ങളോട് അടുക്കാനോ ഇടയായിട്ടുള്ളവര്‍ രക്ഷപ്പെടാന്‍ വൈകിയിട്ടില്ലെന്നു തിരിച്ചറിയണം. തിരിച്ചുവരവിനായി അവര്‍ പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടി വരും. 1. ഇത്തരം സംഘങ്ങളിലേക്കു വീണപോയതു സ്വയം ഏറ്റുപറയുക 2. തിന്മയുമായുള്ള ബന്ധവും കരാറുകളും അവസാനിപ്പിക്കുക, സാത്താനികമായ എല്ലാ പെരുമാറ്റങ്ങളില്‍നിന്നും നിര്‍ബന്ധബുദ്ധിയോടെ പിന്‍മാറുക, ദൈവികമായ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക
3. സാത്താനുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും ശേഖരണങ്ങളെയും ഉപേക്ഷിക്കുക 4. മതപരമായ അനുഷ്ഠാനങ്ങളില്‍ ശ്രദ്ധയൂന്നുക 5. മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ സമയം ചെലവഴിക്കുക. 6. സാത്താനികമായ എല്ലാ കാര്യങ്ങളെയും ഉപേക്ഷിച്ചെന്ന് എല്ലാ ദിവസവും സ്വയം ബോധ്യപ്പെടുത്തുക. 7. ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിക്കുക, ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. പ്രഫഷണല്‍ വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ജീവിതനിലവാരവുമൊക്കെ സ്വന്തമാക്കുന്നതുപോലെ തന്നെയോ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ നടത്തേണ്ടതാണു മൂല്യപഠനവും മതപഠനവുമെന്ന ബോധ്യം യുവതലമുറയ്ക്കു പകരുക, അതിനു അവസരമൊരുക്കുക. കുട്ടികളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക, അവരുടെ ആത്മീയ കാര്യങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുക ഇങ്ങനെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളിലെങ്കിലും ശ്രദ്ധ പുലര്‍ത്തിയാല്‍ തലമുറകളെ സംരക്ഷിച്ചു നിര്‍ത്താം…