മുംബൈ: ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓർമപ്പെടുത്തുന്നു.
ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്റെ ഹർജി.
എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാൻ ശ്രീശാന്തിന് വീണ്ടും ബിസിസിഐയെ സമീപിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കെസിഎയുടെ പിന്തുണയോടെ മാർച്ച് ആറിനാണ് ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബിസിസിഐയെ സമീപിച്ചത്. ഏപ്രിൽ 15-നാണ് ശ്രീശാന്തിന് നൽകിയ മറുപടി കത്തിലാണ് ബിസിസിഐ മുൻ നിലപാടുകൾ ആവർത്തിച്ചത്.
ഐപിഎൽ കോഴയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് പുറമേ രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായിരുന്ന അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങൾക്കും ബിസിസഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു.