ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവ്. ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പാർട്ടിപദവികളിൽനിന്നു നീക്കാൻ അണ്ണാ ഡിഎംകെ(അമ്മ) തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. പാർട്ടി അണികളുടെ താത്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നു മന്ത്രി ജയകുമാർ പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ഇതോടെ അണ്ണാ ഡിഎംകെയിൽ പനീർശെൽവംപളനിസ്വാമി വിഭാഗങ്ങൾ ഒന്നിക്കാൻ വഴിതെളിഞ്ഞു. ചിന്നമ്മ എന്നു വിളിക്ക പ്പെട്ടിരുന്ന ശശികലയുടെ കുടുംബത്തിൽനിന്നു പാർട്ടിയെ മോചിപ്പിക്കണമെന്ന പനീർശെൽവത്തിന്റെ ആവശ്യമാണ് എതിർവിഭാഗം അംഗീകരിച്ചത്.
ശശികല കുടുംബത്തെ പുറത്താക്കാനുള്ള തീരുമാനത്തിന് 122 എംഎൽഎമാരുടെയും പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടെന്നു മന്ത്രി ജയകുമാർ പറഞ്ഞു. മുതിർന്ന മന്ത്രിമാരായ ദിണ്ഡിഗൽ സി. ശ്രീനിവാസൻ, എസ്.പി. വേലുമണി, ആർ.ബി. ഉദയകുമാർ, തങ്കണി, സി.വി. ഷൺമുഖം, രാജ്യസഭാ എംപി വി. വൈദ്യലിംഗം എന്നിവരും ജയകുമാറിനൊപ്പം മാധ്യമപ്രവർത്തകരെ കാണാനെത്തിയിരുന്നു. അണ്ണാ ഡിഎംകെയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. പനീർശെൽവവുമായി ചർച്ചയ്ക്കു തയാറാണെന്നും ജയകുമാർ പറഞ്ഞു. ചെന്നൈയിലുള്ള പനീർശെൽവവുമായി രാത്രിതന്നെ ചർച്ച നടന്നേക്കുമെന്നാണ് അറിയുന്നത്.
പനീർശെൽവത്തിനു പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നല്കുമെന്നാണു സൂചന.
ശശികലകുടുംബം (മന്നാർഗുഡി മാഫിയ) ഇല്ലാത്ത പാർട്ടിയിലേക്കു മാത്രമേ താൻ മടങ്ങി വരൂ എന്നു പനീർശെൽവം ഇന്ന ലെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ മാത്രമേ മടങ്ങിവരവിനായുള്ള ചർച്ചയ്ക്കുപോലും സാധ്യതയുള്ളൂ എന്നും പനീർശെൽവം ക്യാന്പ് അറിയിച്ചു. പാർട്ടിയും സർക്കാരും ഒരു കുടുംബത്തിന്റെ കൈകളിൽ അകപ്പെടാൻ അനുവദിക്കില്ലെന്നതാണ് തന്റെ അടിസ്ഥാന തത്ത്വമെന്നു പനീർശെൽവം പറഞ്ഞു. ശശികലയുമായുള്ള അസ്വാരസ്യത്തെയും എതിർപ്പിനെയും തുടർന്ന് ഫെബ്രുവരിയിലാണ് പനീർശെൽവം പാർട്ടിക്കു പുറത്തായത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഒപിഎസ് ആവർത്തിച്ചു. ശശികല ജനറൽ സെക്രട്ടറിയായത് പാർട്ടിയുടെ നിയമാവലിക്ക് വിരുദ്ധമായാണ്. എംജിആർ (എംജി രാമചന്ദ്രൻ), അമ്മ (ജയലളിത) എന്നിവർ കാണിച്ചുതന്ന ജനാധിപത്യപാത പിന്തുടരാതിരുന്നാൽ അത് ജനങ്ങളോടുള്ള അനീതിയാകുമെന്നും പനീർശെൽവം പറഞ്ഞു. ഒരിക്കൽ ശശികലയെയും കുടുംബത്തെയും ജയ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നത് അദ്ദേഹം ഓർമിപ്പിച്ചു.
ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെയും രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സാന്പത്തികമായി സ്വാധീനിക്കാൻ ശ്രമിച്ചതിലൂടെ ശശികല കുടുംബം തമിഴ്നാടിന് അവമതി ഉണ്ടാക്കുകയാണു ചെയ്തതെന്നും പനീർശെൽവം പറഞ്ഞു.