രാജ്കോട്ട്: ബംഗളൂരുവിന്റെ സിംഹകുട്ടികളായ ക്രിസ് ഗെയ്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടേയും റോയൽ ചലഞ്ചിനു മറുപടിയില്ലാതെ പേരിൽ സിംഹമുള്ള ഗുജറാത്ത് പരാജയം ഭക്ഷിച്ചു. ഗുജറാത്തിനെ 21 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. ബംഗളൂരുവിന്റെ 213 റൺസിന്റെ റൺമല പിന്തുടർന്ന ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു പേരെ നഷ്ടപ്പെടുത്തി 21 റൺസ് അകലെ വീണു.
44 പന്തിൽ 72 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം മാത്രമാണ് ഗുജറാത്തിനായി വീറോടെ പൊരുതിയത്. ഓപ്പണർ സ്മിത്തിനെ (1) തുടക്കത്തിലെ നഷ്ടപ്പെട്ട ഗുജറാത്ത് തുടക്കത്തിലെ പതറി. മക്കല്ലം കൂറ്റൻ അടികളുമായി കളംവാണെങ്കിലും നായകൻ റെയ്ന (23), ആരോൺ ഫിഞ്ച് (19) രവീന്ദ്ര ജഡേജ (23) എന്നിവർക്കൊന്നും പിന്തുണ നൽകാനായില്ല. തോൽവി ഉറപ്പായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇഷാൻ കിഷൻ (16 പന്തിൽ 39) അവസാന ഓവറുകളിൽ തകർത്തടിച്ച് ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയിരുന്നു.
എന്നാൽ ഒടുവിലെ ഓവറിൽ സ്ട്രൈക്കറായ ആൻഡ്രൂ ടൈയ്ക്ക് പന്തിനെ ബൗണ്ടറി കടത്തുന്ന ആഭിചാരം വശമില്ലാത്തതിനാൽ പന്ത് അടിച്ചടത്തുതന്നെ കിടന്നു. മൂന്നാം പന്തിൽ സ്ട്രൈക്ക് കൈമാറി ഇഷാൻ എത്തിയെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു. കളി കൈവിട്ടതോടെ ഉയർത്തിയടിച്ച ഇഷാനെ ആർസിബി കൈവിട്ടില്ല. ആഡം മിൽനി പിടിച്ച് ഇഷാൻ പുറത്ത്. ഇഷാൻ പുറത്തായതോടെ മലയാളി താരം ബേസിൽ തന്പിക്ക് ബാറ്റുമായി ക്രീസിലെത്താനായി. ഇന്നിംഗ്സിന്റെ അവസാന പന്ത് നേരിട്ട ബേസിലും കറങ്ങിയടിച്ചെങ്കിലും കാറ്റുവീശിയതുമാത്രം മിച്ചം.
ഉറങ്ങിയ സിംഹങ്ങളുടെ ഉണർത്തു പാട്ടായിരുന്നു ആർസിബി ഇന്നിംഗ്സ്. ഗുജറാത്തിന്റെ മടയിലെ ഉണർത്തുപാട്ടിൽ ഉറങ്ങിയ സിംഹങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. ബംഗളൂരുവിന്റെ സിംഹകുട്ടികളായ ക്രിസ് ഗെയ്ലും നായകൻ വിരാട് കോഹ്ലിയും. പിന്നെ കട്ടക്കലിപ്പായിരുന്നു. പേരിൽ സിംഹമുള്ള ഗുജറാത്തിനെ തലങ്ങുംവിലങ്ങും അവർ അടിച്ചോടിച്ചു. ഇതുവരെ ഫോം കണ്ടെത്താനാവാതെ വിഷമിച്ച ഇരുവരും അർധസെഞ്ചുറി തികച്ചാണ് കളംവിട്ടത്. ഇതിൽ കൂടുതൽ അപകടകാരി എന്നത്തെയുംപോലെ ഗെയ്ലായിരുന്നു.
കുട്ടിക്രിക്കറ്റിലെ കമ്പക്കെട്ടിന്റെ ആശാൻ 38 പന്തിൽ 77 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴു സിക്സും അഞ്ചു ഫോറുമാണ് ആ ബാറ്റിൽനിന്നും പറന്നത്. മലയാളി പേസർ ബേസിൽ തമ്പിയാണ് ഗെയ്ലിന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ചത്. ബേസിലിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടങ്ങി ഗെയ്ൽ പുറത്തായി.
കോഹ്ലി 50 പന്തിൽനിന്ന് 64 റൺസാണ് നേടിയത്. ഏഴു തവണ പന്തിനെ അതിർത്തിവര കടത്തിയ കോഹ്ലി ഒറ്റത്തവണ മാത്രമാണ് വേലിക്കെട്ട് കവിച്ച് പന്ത് പായിച്ചത്. കോഹ്ലിയും ഗെയ്ലും പുറത്തായ ശേഷമെത്തിയ ട്രാവിസ് ഹെഡും (16 പന്തിൽ 30) കേദാർ ജാദവുമാണ് (16 പന്തിൽ 38) സ്കോറിംഗിന് വേഗത കൂട്ടിയത്.