ഹൈദരാബാദ്: ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം. ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 176 റൺസ് എടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യർ (50*) പൊരുതിയെങ്കിലും ഹൈദരാബാദിന്റെ വിജയലക്ഷ്യം അകന്നുനിന്നു.
മലയാളി താരം സഞ്ജു സാംസൺ (42) ഇത്തവണയും ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായക സമയത്ത് വിക്കറ്റ് കളഞ്ഞത് തോൽവിക്ക് കാരണമായി. ഓപ്പണിംഗ് കൂട്ടുകാരൻ സാം ബില്ലിംഗ്സിനെ തുടക്കത്തിലെ നഷ്ടപ്പെട്ട സഞ്ജു, കരുൺ നായരുമായി (33) സ്കോർ മുന്നോട്ടു ചലിപ്പിച്ചെങ്കിലും കരുണും പെട്ടെന്ന് വീണു.
പിന്നാലെ വന്ന ഋഷഭ് പന്ത് നേരിട്ട ആദ്യപന്തിൽ തന്നെ പുറത്തായി. പന്തിനു പിന്നാലെ ഫോമിലുള്ള സഞ്ജുവും പുറത്തായതാണ് ഡൽഹിക്ക് തിരിച്ചടിയായത്. പിന്നീട് ഏയ്ഞ്ചലോ മാത്യൂസും (31) ശ്രേയസ് അയ്യരും അവസാന ഓവറുകളിൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയത്തിനരികെ എത്താനായില്ല.
നേരത്തെ ശിഖർ ധവാന്റെയും (70) കെയ്ൻ വില്യംസൺന്റെയും (89) അർധ സെഞ്ചുറികളാണ് ഹൈദരാബാദിന് മികച്ച സ്കോർ നൽകിയത്. ഇവരെക്കൂടാതെ ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. വാർണറും (4) യുവരാജ് സിംഗും (3) ഇത്തവണയും നിരാശപ്പെടുത്തി. ഹൈദരാബാദിന്റെ നാലു വിക്കറ്റും ക്രിസ് മോറിസാണ് വീഴ്ത്തിയത്.