കുറവിലങ്ങാട്: കാൽനയാത്രക്കാരിയായ വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഘത്തിന്റെ കാമറ ദൃശ്യം പോലീസിന് ലഭിച്ചു. നസ്രത്ത്ഹിൽ പുത്തൻകണ്ടത്തിൽ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി ലൂക്കാ (89)യുടെ മൂന്നരപവൻ തൂക്കം വരുന്ന മാല കവർന്ന സംഭവത്തിലാണ് രണ്ടംഗസംഘം ബൈക്കിൽ യാത്രനടത്തുന്ന ദൃശ്യം ലഭിച്ചിട്ടുള്ളത്. കേസന്വേഷണത്തിൽ ഇത് പോലീസിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. കുറവിലങ്ങാട് സഹകരണബാങ്ക് ശാഖയിൽ നസ്രത്ത്ഹിൽ സ്കൂൾ ഭാഗത്ത് സ്ഥാപിച്ച കാമറയിലാണ് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുള്ളത്.
ഇന്നലെ പട്ടാപ്പകൽ നസ്രത്ത്ഹിൽ ഭാഗത്ത് പെരുകിലംകാട് ജംഗ്ഷന് സമീപമായിരുന്നു കവർച്ച. പള്ളിയിൽ നിന്ന് മടങ്ങിയ ഏലിക്കുട്ടി മരുന്നുവാങ്ങിയശേഷം തോട്ടുവായിൽ നിന്ന് ബസിലാണ് നസ്രത്ത്ഹില്ലിലെത്തിയത്. തുടർന്ന് കാൽനടയായി വീട്ടിലേക്ക് പോകുകയായിരുന്നു. പെരുകിലംകാട് ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ടാറിംഗിനായി മെറ്റൽ വിരിച്ചിട്ടുള്ള പെരുകിലംകാട്-പുത്തൻകണ്ടം റോഡിലൂടെ ബൈക്കിൽ ഏലിക്കുട്ടിയെ മറികടന്ന് പോയി.
ഇതിനുശേഷം ബൈക്കിൽ നിന്നിറങ്ങി പിറകേട്ട് നടന്ന് ഏലിക്കുട്ടിയുടെ അടുത്തെത്തിയശേഷം അടുത്തദിവസം ടാറിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. വീണ്ടും നടന്നുനീങ്ങിയ ശേഷം ബൈക്കിലെത്തി ഏലിക്കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏലിക്കുട്ടി ബഹളമുണ്ടാക്കിയതോടെ സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. കടുത്തുരുത്തി സിഐ കെ.പി ടോംസണ്, കുറവിലങ്ങാട് എസ്ഐ കെ.എസ് ജയൻ എന്നിവരുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.