സ്വന്തം ലേഖകൻ
തൃശൂർ: മണ്ണിന്റേയും കൃഷിയുടേയും സ്വഭാവത്തിന് അനുയോജ്യമായ പുത്തൻ വളക്കൂട്ടുകൾ കേരള കാർഷക സർവകലാശാല വികസിപ്പിച്ചെടുത്തു. അമിതമായ വളപ്രയോഗം മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ ഇലകളിലൂടെയുള്ള പോഷണരീതിയാണ് സർവകലാശാല ശിപാർശ ചെയ്യുന്നത്. മണ്ണിന്റെ ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കാതെ ഫലപുഷ്ടി നിലനിർത്തുന്ന വളപ്രയോഗം ഉറപ്പാക്കാൻ ആധുനിക സൂക്ഷ്മ മൂലകക്കൂട്ടുകളാണ് കാർഷിക സർവകലാശാല സജ്ജമാക്കിയത്.
ഓരോ വിളയ്ക്കും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചാരത്തിലാക്കാനാണു ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കെഎയു സന്പൂർണ മിക്സ് എന്ന സൂക്ഷ്മ മൂലക കൂട്ടും ജൈവവള ഡിസ്കുകളും പട്ടാന്പി ഗവേഷണ കേന്ദ്രത്തിൽ തയാറാക്കിക്കഴിഞ്ഞു. വളംകുറ്റികളും സൂക്ഷ്മ മൂലക ലായനികളും പീലിക്കോട് ഗവേഷണ കേന്ദ്രത്തിലാണു തയാറാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണിന്റെ പരിശോധനാഫലത്തെ ആധാരമാക്കി സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കുന്ന വളപ്രയോഗ രീതിയാണു കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതെന്നു വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. ആവശ്യത്തിനുള്ള മൂലകങ്ങളും പോഷകങ്ങളും ലഭ്യമാകുന്നതോടെ ഉത്പാദനം വർധിക്കുകയും ഗുണമേന്മ മെച്ചപ്പെടുകയും ചെയ്യും.
ഓരോ വിളയ്ക്കും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ചാണ് കൂട്ടുകളുടെ നിർമിതി. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, സിങ്ക്, ചെന്പ്, ബോറോണ്, മോളിബ്ഡിനം എന്നീ മൂലകങ്ങളും ചെറിയ തോതിൽ മാംഗനീസ്, ഇരുന്പ്, നൈട്രജൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
സന്പൂർണ കെഎയു മൾട്ടിമിക്സ് എന്ന പേരിൽ വാഴ, നെല്ല്, പച്ചക്കറികൾ എന്നിവയ്ക്കുള്ള കൂട്ടാണ് പട്ടാന്പി ഗവേഷണ കേന്ദ്രത്തിൽ തയാറാക്കി പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നത്. വളക്കൂട്ടുകൾ തയാറാക്കാനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിനും സർവകലാശാല തയാറാണെന്നു വൈസ് ചാൻസലർ പറഞ്ഞു.
ഇലകളിലൂടെയുള്ള വളപ്രയോഗം സൂക്ഷ്മതയോടെ ചെയ്യേണ്ടതായതിനാൽ കർഷകർക്കു സൗകര്യപ്രദമായ രീതിയിൽ ഗുളികരൂപത്തിലുള്ള സൂക്ഷ്മ മൂലകക്കൂട്ടുകളും വൈകാതെ ലഭ്യമാക്കും. ഒരു ഗ്രാം വരെ ഭാരമുള്ള ഗുളികകൾ നിശ്ചിത എണ്ണം വെള്ളത്തിൽ ലയിപ്പിച്ചു വിളകൾക്കു സ്പ്രേ ചെയ്യാം. ചട്ടികളിലും ഗ്രോബാഗുകളിലും ഉപയോഗിക്കാനായി സംയുക്ത വളം ഡിസ്ക്കുകളും ക്രമപ്പെടുത്തിയിട്ടുണ്ട്.
ജൈവവളവും ആവശ്യത്തിന് മറ്റു മൂലകങ്ങൾ നല്കാൻ കഴിയുന്ന രാസവളങ്ങളും സൂക്ഷ്മ മൂലക വളങ്ങളും ചേർന്ന മൂന്നുവരെ ഡിസ്കുകൾ വരെ ഒരോ ചട്ടിയിലോ ഗ്രോബാഗിലോ ഉപയോഗിക്കാം. ബോർഡോ മിശ്രിതം തയാറാക്കാനുള്ള കിറ്റുകളും ഗവേഷണ കേന്ദ്രത്തിൽനിന്ന് ഉടനെ പുറത്തിറക്കുമെന്ന് അസോസിയേറ്റ് ഡയറക്ടർ ഡോ. എം.സി. നാരായണൻ കുട്ടി പറഞ്ഞു.
പച്ചക്കറി, വാഴക്കൃഷിക്ക് അനുയോജ്യമായ സൂക്ഷ്മമൂലക ദ്രാവക മിശ്രിതവും ചെടികളുടെ തടത്തിൽ നിക്ഷേപിക്കാവുന്ന വളംകുറ്റികളും പീലിക്കോടുള്ള ഉത്തരമേഖലാ ഗവേഷണ കേന്ദ്രത്തിലാണ് തയാറാക്കിയത്. ചെടികൾക്ക് ആവശ്യാനുസരണം പോഷകങ്ങൾ വലിച്ചെടുക്കാമെന്നതാണ് വളംകുറ്റികളുടെ സവിശേഷത. തടം നിറയെ വളമിട്ടു പകുതിയും പാഴാകുന്നത് ഒഴിവാക്കാം. വാഴക്കൃഷിക്കു തയാറാക്കിയ അയർ എന്ന സൂക്ഷ്മ മൂലകക്കൂട്ടിനും കർഷകർക്കിടയിൽ നല്ല അഭിപ്രായമുണ്ടെന്ന് ഉത്തരമേഖലാ ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി.ആർ. സുരേഷ് പറഞ്ഞു.