കണ്ണൂർ: മുടിവെട്ടിക്കിട്ടിയ വരുമാനം പത്തുലക്ഷത്തോളം രൂപ. ഏറെനാളൊന്നുമെടുത്തില്ല, ഈ വൻ തുക ലഭിക്കാൻ. വെറും 12 മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്ന ഈ വരുമാനം.
ജയിലിനോടു ചേർന്നു തടവുകാർ നടത്തുന്ന എക്സ്പ്രഷൻസ് ജെന്റസ് ബ്യൂട്ടി പാർലറിന്റെ വരുമാനമാണിത്. ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുകയാണ് ബ്യൂട്ടി പാർലർ. ജയിൽ മോചിതരായ ശേഷം സ്വയം തൊഴിൽ സാധ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്യൂട്ടി പാർലർ ആരംഭിച്ചത്. 30 തടവുകാർക്കാണ് ഇതിനായി പരിശീലനം നൽകിയത്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് റൂഡ്സെറ്റാണ് തടവുകാർക്ക് ജോലിക്കുള്ള പരിശീലനം ലഭ്യമാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് അന്നത്തെ ജയിൽ ഡിജിപി ഋഷിരാജ് സിംഗായിരുന്നു എക്സ്പ്രഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജയിലുകളിൽ നടപ്പാക്കുന്ന ആദ്യ സംരഭമായിരുന്നു കണ്ണൂരിലെ എക്സ്പ്രഷൻസ്.
സെൻട്രൽ ജയിൽ വളപ്പിലെ പ്രവേശന ഗേറ്റിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് എക്സ്പ്രഷൻസ് എസി ബ്യൂട്ടി പാർലർ. പുരുഷന്മാർക്കും യുവാക്കൾക്കുമുള്ള വിവിധ തരം ക്രോപ്പിംഗ്, ഫാൻസി ഹെയർ കട്ടിംഗ് എന്നിവയ്ക്കൊപ്പം ഫേഷ്യൽ, താരൻചികിത്സ, മുഖക്കുരു ചികിത്സ, ഹെയർ കളറിംഗ്, ഡൈ, ഹെന്ന, സ്ട്രെയിറ്റനിംഗ്, ബ്ലീച്ചിഗ്, ക്ലീൻഅപ് തുടങ്ങിയ സേവനവും ഇവിടെ ലഭ്യമാണ്. സാധാരണ മുടിവെട്ടിന് 50 രൂപയും ഷേവിംഗിനു 30 രൂപയുമാണു നിരക്ക്. പദ്ധതി ആരംഭിക്കുമ്പോൾ ലക്ഷ്യമിട്ടതിലും കൂടുതൽ വരുമാനമാണ് ഒരു വർഷത്തിനകം പാർലറിനു ലഭിച്ചിരിക്കുന്നത്.