കോഴിക്കോട്: പോലീസിനെ വട്ടംചുറ്റിച്ച് സ്വിഫ്റ്റ് കാറിൽ നാലു യുവാക്കളുടെ പരക്കം പാച്ചിൽ. ട്രാഫിക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ 57 എഫ് 6337 സ്വിഫ്റ്റ് കാർ ഒടുവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ബീച്ച് ആശുപത്രിക്കുമുന്നിൽ നിന്നും കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങി ബേപ്പൂരിൽ എത്തി.
ഇതിനിടെ രണ്ടുസ്ഥലത്തുവച്ച് പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താൻ തയാറായില്ല. വയർലെസിൽ വിരമറിയിച്ചതോടെ നഗരം പോലീസ് വളഞ്ഞു. ഇതിനിടെ അമിത വേഗതയിൽ എത്തിയ കാർ തട്ടി പോലീസ് ജീപ്പിന് കേടുപാടുപറ്റി. ബേപ്പൂരിലും പരിസരങ്ങളിലും മണിക്കൂറുകളോളം കറങ്ങിയ വാഹനം ഒടുവിൽ റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിനിടെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് സന്ദേശം കൈമാറിയിരുന്നു. കൊടുവള്ളി രജിസ്ട്രേഷനിലുള്ള കാർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്തിനു ഉപയോഗിക്കുന്ന വാഹനമാണോ ഇതെന്ന് അന്വേഷിച്ചുവരികയാണ്. യുവാക്കളെ പിടികൂടാനായിട്ടില്ല.