മാനന്തവാടി: പ്രണയിച്ച് വിവാഹം കഴിച്ച ദന്പതികൾക്ക് യാദവ സമുദായം ഭ്രഷ്ട് കൽപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് യാദവസേവാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു എരുമത്തെരുവിലെ അരുണ്പ്രസാദിനും ഭാര്യ സുകന്യയ്ക്കും സമുദായവിലക്ക് ഏർപ്പെടുത്തിയെന്നാണ് പ്രചാരണം. ആചാരവിരുദ്ധമായി അന്യജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്തതിനുള്ള സ്വാഭാവിക നടപടികൾ മാത്രമാണ് സുകന്യയ്ക്കും ഭർത്താവിനുമെതിരെ ഉണ്ടായത്.
സമുദായം ആർക്കും വിലക്കോ ഭ്രഷ്ടോ കൽപ്പിച്ചിട്ടില്ല. വ്യക്തിതാത്പര്യങ്ങൾ മുൻനിർത്തി കുലത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ അവഗണിച്ചുപോയവർ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുവന്നത് സംശയാസ്പദമാണ്. ഉൗരുവിലക്കെന്നും മറ്റും പറഞ്ഞ് സമൂഹമധ്യത്തിൽ യാദവ സമുദായത്തെ ഇകഴ്ത്തുന്നത് വേദനാജനകമാണ്.
ദന്പതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും വിലക്കിയിട്ടില്ല. എന്നാൽ ആചാരങ്ങൾ തെറ്റിച്ച് പുറത്തുപോയവരെന്ന നിലയിൽ സമുദായകാര്യങ്ങളിൽ അവരെ ഇടപെടുത്തുകയുമില്ല- ഭാരവാഹികൾ പറഞ്ഞു.
യാദവസേവാസമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മണി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സുരേന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് എം.എസ്. മോഹനൻ, സെക്രട്ടറി എം.കെ. ജിജേഷ്, ട്രഷറർ ടി. മഹേഷ്, എം. രമേശൻ, എം.എം. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.