റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം മാഴ്സലോ കളിക്കുന്ന പൊസിഷന്‍ ഏത്. ലെഫ്റ്റ് ബാക്ക്? ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍? ഏതാണെന്നു ചോദിച്ചാല്‍ സംശയമുണ്ടാകും. സാങ്കേതികമായി മാഴ്സലോ ലെഫ്റ്റ് ബാക്കാണ്. അങ്ങനെയാണ് ടീമുകളുടെ ലിസ്റ്റില്‍ മാഴ്സലോയുടെ സ്ഥാനം. എന്നാല്‍ പ്രകടനം കൊണ്ട് ഇത് മാത്രമാണോ സ്ഥാനമെന്നു സംശയിക്കും. വിംഗിലൂടെയുള്ള നീക്കവും ഗോള്‍ നേടുന്നതിനും അടിപ്പിക്കുന്നതിനുമുള്ള പ്രകടനവും കാണുമ്പോള്‍ മിഡ്ഫീല്ഡറാണെന്നു തോന്നിക്കും.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2ന് റയല്‍ തോല്‍പ്പിച്ചപ്പോള്‍ ഈ ബ്രസീലിയന്‍ താരത്തിന്റെ പ്രകടനം കൂടുതല്‍ തിളക്കമാര്‍ന്നു. മത്സരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിലൂടെ മത്സരം സ്വന്തമാക്കിയെങ്കിലും മാഴ്സലോയുടെ കഴിവ്, നിലയ്ക്കാത്ത ഉന്മേഷം, പ്രതിരോധത്തിലെ ജാഗ്രത എന്നിവയെല്ലാമാണ് സാന്റിയാഗോ െബര്ണാബുവില് ബാവേറിയന്‍ കരുത്തിനെ പിടിച്ചുകെട്ടിയത്.
മുന്‍ ഫ്ളൂമനന്സ് താരത്തിന്റെ പ്രകടനം ഒമ്പതാം മിനിറ്റിലെ വന്നു. തിയാഗോ അലകാന്ട്രയുടെ ഗോളെന്നുറച്ച ശ്രമം മാഴ്സലോ സ്വന്തം ദേഹം കൊണ്ട് തട്ടിയകറ്റി. കൗണ്ടര്‍ അറ്റാക്കിംഗില്‍ മാഴ്സലോയാണ് മുന്നില്‍നിന്ന് നയിച്ചത്. നല്ല കുറെ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനുമായി.
രണ്ടാം പകുതിയില്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ ചെയ്തതുപോലെ തന്നെ ഒരു രക്ഷപ്പെടുത്തല്‍ 28 കാരനായ മാഴ്സലോ നടത്തി. റോബന് ചിപ്പ് ചെയ്ത പന്ത് ഗോള്‍ ലൈനില്‍വച്ച് മാഴ്സലോ ഹെഡ് ചെയ്തു. പന്ത് പൂര്‍ണമായും ഗോള്‍കീപ്പര്‍ കെയ്ലര് നവാസിനെ കടന്നിരുന്നു. റയലിന്റെ ഈ 12-ാം നമ്പരുകാരന് ടീമിലെ മുന്നേറ്റക്കാരെക്കാള് മികച്ച പല ആക്രമണങ്ങളും നടത്തി. 93-ാം മിനിറ്റില്‍ പന്തുമായി മികച്ചൊരു കുതിപ്പ് നടത്തിയിരുന്നു.
എക്സ്ട്രാ ടൈമില്‍ മാഴ്സലോയില്‍നിന്ന് ഏവരുടെയും ഓര്മയില്നില്ക്കുന്ന പ്രകടനം വന്നു. സ്വന്തം പകുതിയില്‍നിന്ന് പന്തുമായി നീങ്ങിയ മാഴ്സലോ പന്ത് ടോണി ക്രൂസിനു നല്കി. തിരിച്ചുള്ള പാസും സ്വീകരിച്ചു. ബയേണ്‍ പ്രതിരോധം തകര്‍ത്ത് മുന്നേറിയ റിയോ ഡി ഷാനെറോ വാസി ഒപ്പമോടിയ റൊണാള്‍ഡോയ്ക്കു പന്ത് നല്കി. ഇതിലൂടെ റൊണാൾഡോ ഹാട്രിക് തികയ്ക്കുകയും ചെയ്തു. തനിയെ ഗോള്‍ നേടാന്‍ അവസരമുണ്ടായിട്ടും സഹതാരത്തിന് അവസരം നല്‍കിക്കൊണ്ട് മാഴ്സലോ നിസ്വാര്‍ഥനായി.
2014ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ ഇതുപോലെ തന്നെ മാഴ്സലോ സ്വന്തം മികവു കൊണ്ട് ഗോള്‍ നേടിയിരുന്നു. മാഴ്സലോയില്നിന്നു പാസ് സ്വീകരിക്കുമ്പോള്‍ റൊണാള്‍ഡോ ഓഫ് സൈഡായിരുന്നുവെന്നത് ആ നിസ്വാര്ഥതയ്ക്കു ചെറിയ മങ്ങലേല്പിച്ചു.
മാഴ്സലോയുടെ റയലിനുവേണ്ടി 400 മത്സരം പൂര്‍ത്തിയാക്കി മത്സരത്തില്‍ 68 പാസുകളാണ് പൂര്‍ത്തിയാക്കിയത്. എട്ട് അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു. റോബന്, ഫ്രാങ്ക് റിബറി, അലകാന്ട്ര, അര്‍തുറോ വിദാല്‍, സാബി അലോന്‍സോ എന്നിവരേക്കാള്‍ കൂടുതല്‍ അവസരമുണ്ടാക്കി. ഏറ്റവും കൂടുതല്‍ ഡ്രിബിള്‍ ചെയ്തതും ഈ റിയോ സ്വദേശിയാണ്.