ചേർത്തല: സിനിമാ സംവിധായകന് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. എസ്എൽപുരം സദാനന്ദന്റെ മകനും സംവിധായകനുമായ യവനികയിൽ എസ്.ജയസൂര്യ (47) യ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ദേശീയപാതയിൽ എരമല്ലൂർ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗുരുവായൂർ ക്ഷേത്രദർശനത്തിന് കുടുംബത്തോടൊപ്പം പോവുകയായിരുന്ന ജയസൂര്യയെ കാറിൽ നിന്നു പിടിച്ചിറക്കി പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായാണ് പരാതി.
മുഖത്ത് അടിയേറ്റ ജയസൂര്യ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. എരമല്ലൂർ ജംഗ്ഷനിൽ സിഗ്നൽ ലഭിക്കുന്നതിനായി നിർത്തിയിട്ടിരുന്ന കാർ പിന്നീട് മുന്നോട്ടെടുക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന ലോറി കാറിന്റെ വശത്ത് ഇടിക്കുകയും കാർ നിയന്ത്രണംവിട്ട് ബൈക്കിൽ തട്ടുകയും ബൈക്ക് യാത്രികൻ മറിഞ്ഞുവീഴുകയും ചെയ്തു.
ഈ സമയം ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോർ തുറന്ന് ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ജയസൂര്യയുടെ ഷർട്ടിന് കുത്തിപിടിച്ച് ജീപ്പിൽ കയറ്റി അരൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമച്ചെങ്കിലും അപകട സ്ഥലത്ത് എത്തിയ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് ജയസൂര്യയും കുടുംബവും ക്ഷേത്രദർശനത്തിന് പോവാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ജയസൂര്യ ആശുപത്രിയിൽ ചികിൽസ തേടുകയുമായിരുന്നു.
സംഭമറിഞ്ഞ് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ ആശുപത്രിയിലെത്തി ജയസൂര്യയെ സന്ദർശിച്ചു. ഭർതൃമതിയായ ചേർത്തല പള്ളിപ്പുറം സ്വദേശിയായ യുവതി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് മുന്പ് നടപടി നേരിട്ടിട്ടുള്ളതാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി വൈ.ആർ.റസ്റ്റം പറഞ്ഞു.