മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസൽ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിേ·ൽ വാദം കേട്ട മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഈ മാസം 26ന് വിധി പറയും. കേസിലെ മുഖ്യസുത്രധാരനും ആർഎസ്എസ് തിരൂർ താലൂക്ക് കാര്യവാഹകുമായ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ (48), തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻ കാവിൽ കുണ്ടിൽ ബിബിൻ (23), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശേരി ജയകുമാർ (48) എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
നവംബർ 19ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ കൊണ്ടുവരാനായി ഫൈസൽ സ്വന്തം ഓട്ടോയിൽ പോകുകയായിരുന്നു. പ്രതികൾ പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഫൈസൽ ഫറൂഖ് നഗറിൽ ഓട്ടോ നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും രണ്ടു ബൈക്കുകളിൽ എത്തിയ പ്രതികൾ കത്തി കൊണ്ടു കുത്തിയും വടിവാൾ കൊണ്ടു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
ആർഎസ്എസിന്റെ സജീവ പ്രവർത്തകരായ ബിപിൻദാസ്, കളക്കൽ പ്രജീഷ് എന്ന ബാബു, തടത്തിൽ സുധീഷ്കുമാർ എന്ന കുട്ടാപ്പു, പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവർ കൊലപ്പെടുത്തിയെന്നും മറ്റു പ്രതികൾ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്കു മാറുകയും ഭാര്യയെയും മക്കളെയും മതംമാറ്റുകയും ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണം. സംഘപരിവാർ നേതാക്കളും പ്രവർത്തകരുമായ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.