അമിതവേഗതയും, അനധികൃത പാര്‍ക്കിംഗും! വല്ലകത്തെത്തിയാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റും; ഈ മാസം മാത്രം ഇവിടെ ഉണ്ടായത് ആറിലേറെ വാഹനപകടങ്ങള്‍

Vallakmom

വൈക്കം: യാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായി വല്ലകം- തുറുവേലിക്കുന്ന് റോഡിലെ വളവ്. അശാസ്ത്രീയ നിര്‍മാണത്തിനൊപ്പം അനധികൃത പാര്‍ക്കിംഗും കൂടിയായതോടെ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ഈ മാസം മാത്രം ആറിലേറെ വാഹനപകടങ്ങളാണ് ഇവിടെ നടന്നത്. നിരവധി അപകടങ്ങള്‍ നടന്നിട്ടും പ്രദേശത്ത് കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

നൂറുകണക്കിന് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന ഈ റോഡിലൂടെ സ്കൂള്‍ സമയത്തുപോലും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറി നിരത്തിലിറക്കരുതെന്ന നിയമമുള്ളതിനാല്‍ ഈ വളവിലാണ് വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാതെ വരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ ഇതാണ് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബുധനാഴ്ച്ച ഇവിടെ ഉണ്ടായ അപകടത്തില്‍ വഴിയാത്രക്കാരനായ വയോധികന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുപേരുമായി അമിത വേഗതയിലെത്തിയ ബൈക്ക് എഴുപത്തഞ്ചുകാരനായ ചെല്ലപ്പനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ ബൈക്കിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
vallakam_090416
കഴിഞ്ഞവര്‍ഷം കെഎസ്ആര്‍ടിസി റോഡരികിലെ പുരയിടത്തിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അപകടങ്ങള്‍ക്ക് കാരണമാകുന്ന അനധികൃത പാര്‍ക്കിംഗിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്കിംഗ് സ്ഥിരമാക്കിയതോടെ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളും പെരുകിയിട്ടുണ്ട്. പോലീസ് പട്രോളിംഗ് നിലച്ചതോടെയാണ് മോഷണങ്ങള്‍ സ്ഥിരമായത്. അടുത്തിടെ സമീപത്തെ ജൂവലറിയിലും പള്ളിയിലും മോഷണശ്രമം നടന്നിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഇവിടെ സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts