തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയും മന്ത്രി എം.എം.മണിയും. മൂന്നാറിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് രോഷപ്രകടനം നേരിടേണ്ടിവന്നത്.
മുൻകൂട്ടി അറിയിക്കാതെ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചുമാറ്റിയ നടപടിയിൽ സബ് കളക്ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും നേർക്ക് പിണറായി വിജയൻ ക്ഷുഭിതനായി സംസാരിച്ചതായാണ് സൂചന. കുരിശ് പൊളിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചാൽ വേറെ പണി നോക്കേണ്ടിവരും. ഇത്തരക്കാർ സർക്കാർ ജോലിയിൽ തുടരാമെന്നു വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
വൈദ്യുത മന്ത്രി എം.എം.മണിയും ശക്തമായ ഭാഷയിലാണ് ദേവികുളം സബ് കളക്ടർ വെങ്കിട്ടരാമൻ ശ്രീറാമിനെതിരേ നിലപാട് സ്വീകരിച്ചത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് ആരാഞ്ഞ മന്ത്രി, കുരിശ് പൊളിക്കൽ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ തന്നോട് പോലും ചോദിക്കാതെ ഇത്തരമൊരു നടപടിയിലുള്ള അതൃപ്തിയും മന്ത്രി മണി രേഖപ്പെടുത്തി.