വെള്ളം കുടിക്കും, വെള്ളം, വിഴുങ്ങും പക്ഷേ വെള്ളം കഴിക്കാറുണ്ടോ. എന്നാല്‍ ഇനി വെള്ളം കഴിക്കാന്‍ തയാറാകാം. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം സംരഭകര്‍ വികസിപ്പിച്ചെടുത്തതാണ് കഴിക്കാന്‍ പാകത്തിലുള്ള വെള്ളം. അതായത് ഊഹോ എന്നുപേരിട്ടിരിക്കുന്ന ഈ വെള്ളം കുടിച്ചശേഷം കഴിക്കുകയുമാവാം. ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് വെള്ളം നിറയ്ക്കാവുന്ന സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികള്‍ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കുന്നത്.
കാഴ്ചയില്‍ കുമിളകള്‍ പോലുള്ള ഈ വെള്ളക്കുപ്പികള്‍ വായിലിട്ട് ചവച്ചിറക്കാം. ഊഹോ (Ooho) എന്നാണ് ഇതിന്റെ പേര്. സ്കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ ഉല്‍പ്പന്നത്തിനു പിന്നില്‍. വെള്ളക്കുപ്പികളും പ്ലാസ്റ്റിക്, ഫൈബര്‍ ഗ്ലാസുകളുമൊക്കെ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളക്കുപ്പികള്‍ വികസിപ്പിച്ചെടുത്തതെന്ന് സംരംഭകര്‍ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഊഹോ നിര്‍മിക്കാമെന്നും സംരംഭകര്‍ വ്യക്തമാക്കുന്നു.
ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉള്‍ക്കൊള്ളുന്നത്. പ്രത്യേക ഇനം കടല്‍ പായലില്‍ നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാര്‍ഥം നിര്‍മിക്കുന്നത്. ഉപയോഗിക്കാതിരുന്നാല്‍ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇത് നശിച്ചു പോകും. കയ്യിലെടുത്താല്‍ വെള്ളം നിറച്ച ബലൂണ്‍ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഒന്നുകില്‍ വായിലിട്ട് ചവച്ചോ അല്ലെങ്കില്‍ ഗോളങ്ങളില്‍ ചെറിയ സുഷിരമുണ്ടാക്കി വായിലേയ്ക്ക്് വെള്ളം പകരുകയോ ചെയ്യാം. വെള്ളം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള എന്തും ഇത്തരത്തില്‍ ഗോളങ്ങളാക്കാമെന്നാണ് സംരഭകര്‍ അവകാശപ്പെടുന്നത്. ഒരു വലിയ മുന്തിരി കഴിക്കുന്ന രീതിയില്‍ ഇനിമുതല്‍ വെള്ളം കുടിക്കാമെന്ന് ചുരുക്കം.