ദിലീപിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കി സംവിധായകൻ ഗൗതം മേനോൻ. രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപ് തമിഴൽ അരങ്ങേറ്റം കുറിക്കുന്നത് 2002ൽ മനോജ് കുമാർ സംവിധാനം ചെയ്ത രാജ്യം എന്ന സിനിമയിലൂടെയായിരുന്നു. ദിലീപ് അഭിനയിച്ച് ഏക തമിഴ് സിനിമയും അതായിരുന്നു.
തമിഴ് സംവിധായകനായ ഗൗതം മേനോൻ ചിത്രത്തിലൂടെ വീണ്ടും ദിലീപ് തമിഴിലേക്ക് എത്താൻ സാധ്യത തെളിയുകയാണിപ്പോൾ. മലയാളത്തിൽ ചിത്രമൊരുക്കാൻ ഗൗതം മേനോൻ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാൽ ചിത്രം മലയാളത്തിലും ഇറങ്ങാനാണ് സാധ്യത. ദിലീപിനൊപ്പം ചിത്രം ചെയ്യാൻ കാത്തിരിക്കുന്നതായി തന്റെ ഫേസ്ബുക്ക് പേജിലാണ് ഗൗതം മേനോൻ കുറിച്ചത്. ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയത്.