കോടഞ്ചേരി: ചിപ്പിലിത്തോട്ടിലെ പീടികത്തോട് ആദിവാസികോളനി നിവാസികളുടെ ജീവിതം ദുരിത പൂർണം. കുട്ടികളും മുതിർന്നവരുമായി 40 അംഗങ്ങളാണ് കോളനിയിലുള്ളത്. ഇതിൽ മിക്കവർക്കും ഉടുക്കാൻ നല്ല വസ്ത്രങ്ങളില്ല. പാദരക്ഷകൾ ഉള്ളവരും വിരളം. രോഗങ്ങൾ പിടിപെട്ടവരാണ് കുട്ടികളും മുതിർന്നവരും. രോഗം ബാധിച്ച് 85 വയസുള്ള കല്യാണി കിടക്കുന്നത് വീടിന്റെ തറയിലാണ്.
മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയിൽ ഡോക്ടർ വന്ന് മരുന്ന് കൊടുക്കാറുണ്ട്. അനാരോഗ്യം മൂലം എല്ലാ കുട്ടികൾക്കും ഭാരക്കുറവും വിളർച്ചയും ബാധിച്ചിട്ടുണ്ട്.അനിൽ അനിത ദന്പതികൾക്ക് പിറന്ന കുഞ്ഞ് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മരിച്ചു. മെഡിക്കൽ കോളജിൽ പിറന്ന കുഞ്ഞ് വീട്ടിൽ കൊണ്ടുവന്നപ്പോൾ കിടക്കാൻ കട്ടിൽ ഉണ്ടായിരുന്നില്ല. തറയിൽ കിടന്നതാണ് മരണകാരണമെന്ന് അയൽ വീട്ടുകാർ പറഞ്ഞു.
കോളനിയിൽ ആറു വീടുകളുടെ പണി നടന്നു വരുന്നു. തറകെട്ടി ബെൽറ്റ് വാർത്തു. ജലക്ഷാമം മൂലം കോൺക്രീറ്റ് പണികൾ വേനലിൽ മുന്നോട്ട് നീങ്ങുന്നില്ല. ഓലയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചു കെട്ടി അതിനുള്ളിലാണ് കോളനിക്കാർ താമസിക്കുന്നത്.