മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെറിയ എസ്യുവിയായ കെയുവി 100 വില്പനയിൽ നിർണായക നാഴികല്ലു പിന്നിട്ടു. വിപണിയിൽ കടുത്ത മത്സരമുള്ള ചെറിയ എസ്യുവി വിഭാഗത്തിൽ ഇതുവരെ 50,288 കെയുവി 100 വിറ്റു. 2016 ജനുവരിയിൽ നിരത്തിലെത്തിയ കുഞ്ഞൻ എസ്യുവി 15 മാസംകൊണ്ടാണ് ഈ നിർണായക നേട്ടം കൈവരിച്ചത്.
പ്രത്യേകം ക്രമീകരിക്കാവുന്ന ആറ്, അഞ്ച് സീറ്റ് ഓപ്ഷനോടുകൂടിയ വിശാലമായ ഇന്റീരിയർ, ലോകോത്തര സുരക്ഷാ സംവിധാനം, മികച്ച കാര്യക്ഷമതയും സാങ്കേതികതയും, മികച്ച ഇന്ധനക്ഷമത ഇങ്ങനെ ഈ വിഭാഗത്തിൽ കെയുവി 100നെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഏറെയാണ്. സ്പോർട്ടി, പ്രീമിയം തീമുകൾ ഉപയോഗിച്ച് വാഹനത്തെ പേഴ്സണലൈസ് ചെയ്യാനും ഇപ്പോൾ അവസരമുണ്ടെന്ന് കന്പനി ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു. 4.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് വാഹനത്തിനു വില.