കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ. വ്യത്യസ്തമായ കൃഷികളും കൃഷിരീതികളും പരീക്ഷിക്കുന്നതിൽ അതീവ തത്പരനാണദ്ദേഹം. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയാണ് ഇപ്പോൾ മാത്തച്ചൻ നടത്തിക്കൊണ്ടിരിക്കുന്നത്. മുത്തുകൃഷി! ആഭരണങ്ങളിൽ ഉപയോഗിക്കുന്ന മുത്തുകളാണ് അദ്ദേഹം തന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നത്. മാത്തച്ചന്‍റെ മുത്തുകൃഷിയെക്കുറിച്ചറിയാം.
കേരളത്തിൽ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതിൽ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാന്പാണ് (calcium carbonate). ഇത് നീറ്റിയെടുത്ത് കുമ്മായ നിർമാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബാക്കി മൂന്നിനം കക്കകളിൽ നാക്രി (nacre) എന്ന പദാർഥമാണുള്ളത്. പുഴകളിലും തടാകങ്ങളിലും കാണപ്പെടുന്ന കക്കയായ ലാംലിഡൻസ് മാർജിനാലിസ് (lamellidens marginalis) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഫ്രെഷ് വാട്ടർ മസിൽസ് നാക്രി ലെയർ നിർമിക്കുന്ന കക്കകളാണ്. പല ലെയറുകളിലാണ് ഇത് കാണപ്പെടുന്നത്. ഇതിനകത്താണ് കടലിൽ മുത്തുണ്ടാവുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. അതിനെ പിടിച്ചുകൊണ്ടുവന്ന് ഉള്ളിൽ നൂക്ലിയസ് നിക്ഷേപിച്ച് കുളത്തിലിട്ട് വളർത്തിയെടുക്കുന്നതാണ് മുത്തുകൃഷി.
കൃഷിരീതി
ശുദ്ധജലത്തിൽ വളരുന്ന കക്കകളിലാണ് കൃഷി. കക്കകളെ ബക്കറ്റിലും കുളത്തിലും വളർത്താം. ബക്കറ്റിൽ വളർത്തുന്നതാണ് കൂടുതൽ സുരക്ഷിതം. കുളത്തിൽ മറ്റ് ജീവികളുടെ ശല്യമുണ്ടാവാതെ സുരക്ഷ ഒരുക്കണം. കക്കയ്ക്കുള്ളിൽ നിക്ഷേപിക്കുന്ന നൂക്ലിയസാണ് മുത്തായി മാറുന്നത്. കക്കയുടെ തോട് പൊടിച്ച് പ്രത്യേക മിശ്രിതങ്ങൾ ചേർത്താണ് നൂക്ലിയസ് നിർമിക്കുന്നത്. അഞ്ചു വർഷത്തോളം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് കക്കയിൽ നിക്ഷേപിക്കാനുള്ള നൂക്ലിയസിന്‍റെ ഉത്പാദനം.
ഭക്ഷണവും വളർച്ചയും
മൊളോക്കസ് കുടുംബത്തിൽപ്പെടുന്ന സൈപ്രസ് പ്ലാങ്ക്റ്റൻ എന്ന സൂക്ഷ്മ ജീവിയെയാണ് കക്ക ആഹാരമാക്കുന്നത്. ഇതിന്‍റെ ഹാച്ചറി നിർമിച്ച് കോടിക്കണക്കിന് കുഞ്ഞുങ്ങളെ ഉണ്ടാക്കി കുറേശെ കോരി ബക്കറ്റലിട്ട് കക്കയ്ക്ക് ഭക്ഷണമായി നൽകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം കാണപ്പെടുന്ന ക്ലോറെല്ല (chlorella) എന്ന പച്ചപ്പായലിനകത്ത് ജീവിക്കുന്ന ബാക്ടീരിയകളെ ഭക്ഷിച്ചാണ് സൈപ്രസ് പ്ലാങ്ക്റ്റൻ വളരുന്നത്. ഇവ കൂടാതെ സയാനോബാക്ടീരിയ (cyanobact eria)യും കക്കകളെ വളർത്തുന്ന ബക്കറ്റിൽ നിക്ഷേപിക്കണം. അന്തരീക്ഷത്തിൽ നിന്ന് സൂര്യപ്രകാശം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് വളരുന്ന സൂക്ഷ്മ ജീവിയാണിത്. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ വലിച്ചെടുക്കുന്ന ഇവ വിസർജിക്കുന്നതും ഓക്സിജനാണ്. അങ്ങനെ വെള്ളത്തിൽ സൈപ്രസ് പ്ലാങ്ക്റ്റനാവശ്യമായ ഓക്സിജനും ഉണ്ടാവുന്നു. ചെറുതിനെ തിന്ന് വലുത് ജീവിക്കുന്നു എന്ന തത്വമാണ് ഈ കൃഷിയിലും നടക്കുന്നത്. സൈപ്രസ് പ്ലാങ്ക്റ്റനെ ഭക്ഷിച്ചുകഴിയുന്പോൾ കക്കയുടെ ശരീരത്തിൽ നാക്രി എന്ന പ്രോ്ടീൻ ലെയർ ഉണ്ടാവുന്നു. ഈ ലെയറാണ് കക്കയിൽ നിക്ഷേപിക്കുന്ന ന്യൂക്ലിയസിന്‍റെ മുകളിൽ കവർ ചെയ്തു വരുന്നത്. എത്ര ആവരണങ്ങൾ ഉണ്ടാവുന്നോ അത്രയും മൂല്യംകൂടും മുത്തിന്. ഒന്നരവർഷം നീളുന്ന കൃഷി വിളവെടുപ്പാവുന്പോഴേയ്ക്കും 140 ആവരണങ്ങൾ വരെ നൂക്ലിയസിൽ പൊതിയും. കക്കയുടെ വിസർജ്യം അമോണിയം നൈട്രേറ്റാണ്. ഇത് വെള്ളവുമായി ചേർന്ന് നൈട്രേറ്റും നൈട്രൈ റ്റുമായി മാറും. ഇത് കക്കയ്ക്കും ബക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്ന മറ്റു ജീവികൾക്കും ഭക്ഷണമൊരുക്കുന്നു. ഇക്കാരണത്താൽ പ്രത്യേകം ഭക്ഷണമൊന്നും മുത്ത് കൃഷിക്ക് ആവശ്യമില്ല.
വിളവെടുപ്പ്
ഒരു കക്കയിൽ നിന്ന് രണ്ട് പേളുകളാണ് കിട്ടുന്നത്. 50 ഗ്രാം മുതൽ 180 ഗ്രാം വരെയാണ് ഈ കക്കളുടെ ഭാരം. കക്കകളിൽ നിന്നു കിട്ടുന്ന മുത്തുകൾ പോളിഷ് ചെയ്തെടുത്ത് ആഭരണങ്ങളാക്കി ഓസ്ട്രേലിയ, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഗോൾഡ്സ്മിത്തുകൾ തയാറാക്കിയ മോഡലുകളിൽ മുത്തുകൾ പതിപ്പിച്ചാണ് കയറ്റുമതി ചെയ്യുന്നത്. നല്ല മുത്താണെങ്കിൽ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്‍റെ മുത്തിന് 1800 രൂപ കിട്ടും. താത്പര്യവും സൗകര്യവും അനുസരിച്ച് എത്ര ബക്കറ്റിൽ വേണമെങ്കിലും കൃഷി നടത്താം. ഒരു ബക്കറ്റിൽ 10 കക്കകൾ വളർത്താം. അന്പത് ബക്കറ്റിന് ഏകദേശം ഒന്നരലക്ഷമാണ് ചെലവ്. ഇതിൽ നിന്ന് നാല് ലക്ഷം രൂപയോളം വരുമാനം കിട്ടും.
1982 മുതൽ കൃഷികാര്യങ്ങളിൽ വ്യാപൃതനാണ് മാത്തച്ചൻ. അതിനു മുന്പ് പത്ത് വർഷത്തോളം സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ ജോലിക്കാരനായിരുന്നു. അവിടെ നിന്നാണ് മുത്തുകൃഷിയുടെ വിവിധ വശങ്ങൾ പഠിച്ചെടുത്തത്. 1999 മുതൽ തന്‍റെ വീട്ടുവളപ്പിൽ വിപുലമായ രീതിയിൽ മുത്ത് കൃഷി ചെയ്യാൻ തുടങ്ങി. കേരളത്തിൽ ഏറ്റവും വലിയ മഴവെള്ള സംഭരണി ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മഴവെള്ള സംഭരണിയായിരുന്നു അത്. 1999ൽ 20 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണിയാണ് തന്‍റെ തോട്ടത്തിൽ അദ്ദേഹം നിർമ്മിച്ചത്. മുൻ മന്ത്രി പി.ജെ. ജോസഫ് അദ്ദേഹത്തിന്‍റെ പുരയിടത്തിൽ മഴവെള്ള സംഭരണി നിർമിച്ചതും മാത്തച്ചനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്. മാത്തച്ചൻ തന്നെയാണ് ഇത് നിർമിച്ചു നൽകിയതും. വാനില കൃഷി വ്യാപകമാവുന്നതിനു മുന്പു തന്നെ അത് പരീക്ഷിച്ച് വിജയം കൊയ്ത ആളാണ് മാത്തച്ചൻ. തെങ്ങ്, കവുങ്ങ്. കൊക്കോ തുടങ്ങിയ കൃഷികളും ഇദ്ദേഹം നടത്തിവരുന്നു. വയസും പ്രായവുമായവർക്കും വീട്ടമ്മമാർക്കും ഏറ്റവും അനുയോജ്യമാണു മുത്തു കൃഷിയെന്ന് മാത്തച്ചൻ അഭിപ്രായപ്പെടുന്നു. ദേഹാധ്വാനം ആവശ്യമില്ല എന്നതു തന്നെ കാരണം. ദിവസേന അരമണിക്കൂർ മാത്രമെ ഈ കൃഷിക്കായി ചെലവഴിക്കേതുള്ളു. ഒരു കൃഷി എന്നതിനേക്കാൾ ഒരു ഇൻവെസ്റ്റ്മെന്‍റ് എന്ന് മുത്തുകൃഷിയെ വിളിക്കാനാണ് ഇദ്ദേഹത്തിന് താത്പര്യം. മുത്തുകൃഷിയിൽ പരിശീലനം നൽകാനും മാത്തച്ചൻ സമയം കത്തെുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446089736 (മാത്തച്ചൻ) .
കീർത്തി ജേക്കബ്