ന്യൂഡൽഹി: ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കേരള സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സെൻകുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ജിഷ വധക്കേസ്, പുറ്റിംഗൽ വെടിക്കെട്ടപകടം കേസുകൾ പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ല. സർക്കാർ നടപടി തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു കേരള സർക്കാർതന്നെ മാറ്റിയതിനെതിരേ ടി.പി. സെൻകുമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. നടപടിക്രമങ്ങൾ പാലിക്കാതെ രാഷ്ട്രീയവിരോധം തീർക്കാനാണു തന്നെ നീക്കിയതെന്നാണു സെൻകുമാർ ഹർജിയിൽ ആരോപിച്ചത്. പുതിയ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ നൽകിയ കുറിപ്പു കീഴ്ക്കോടതികളിൽ സർക്കാർ മറച്ചുവച്ചുവെന്നും സെൻകുമാർ ആരോപിച്ചിരുന്നു.
എന്നാൽ, പുറ്റിംഗൽ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയിലെ അന്വേഷണ വീഴ്ചകളാണ് സെൻകുമാറിനെ മാറ്റാൻ കാരണമെന്നായിരുന്നു സർക്കാരിന്റെ വാദം. ഈ രണ്ടു കേസുകളുമല്ല സെൻകുമാറിനെ മാറ്റാൻ കാരണമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടി, സർക്കാരിന്റെ വാദത്തെ സെൻകുമാറിന്റെ അഭിഭാഷകൻ ഖണ്ഡിച്ചിരുന്നു.
ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി പോലീസിനെ ബാഹ്യസമ്മർദങ്ങളിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സ്ഥാനമാറ്റം പോലുള്ള സർവീസ് നടപടികൾക്ക് ബാധകമല്ലെന്നുമാണു സർക്കാർ വാദിച്ചത്. പോലീസിനെതിരേ പൊതുജനാഭിപ്രായം ഉയർന്നു വന്നതും ഡിജിപിയെ മാറ്റാൻ കാരണമായെന്നു നേരത്തേ സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും സെൻകുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുമാണ് വാദിച്ചത്.