കൊച്ചി: എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുത്തു ടിവി മോഷ്ടിച്ച് കടന്നയാളെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ആന്‍ജിത് (22)നെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. അന്വേഷണത്തിനിടയില്‍ പാലാരിവട്ടത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. എറണാകുളത്തിനു പുറമെ ആലപ്പുഴയിലും കോഴിക്കോട്ടും ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
ഇക്കഴിഞ്ഞ നാലിന് രാത്രി ഹോട്ടലില്‍ മുറിയെടുത്ത യുവാവ് 11.45ഓടെ പുറത്തു പോയി ഒരു പെട്ടിയുമായി വരികയും തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ടിവി പെട്ടിയിലിട്ട് കടന്നു കളയുകയുമായിരുന്നു. കോഴിക്കോട്, ഫറൂഖ് സ്വദേശി ബിജേഷ് എന്ന വ്യക്തിയുടെ പേരിലാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുത്ത ശേഷം പുറുത്തു പോയ ഇയാള്‍ ഒരു പെട്ടിയുമായി റിസെപ്ഷനിലേക്ക് വരികയും. താത്കാലികമായി റിസപ്ഷനില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സുഹൃത്തിന് നല്‍കാനുള്ള പെട്ടിയെന്നാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്.
പിന്നീട് പെട്ടിയുമായി മുറിയിലേക്കും പുറത്തേക്കും പല തവണ പോയ ശേഷം 11.45ഓടെ പെട്ടിയുമായി കടന്നു കളഞ്ഞു. റൂം ഒഴിയുകയാണോ എന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അല്ലെന്നും ഉടന്‍ മടങ്ങി വരുമെന്നുമാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് രാത്രി മുറിയുടെ പരിസരത്ത് പതിവു പരിശോധനക്കു ചെന്ന ജീവനക്കാര്‍ മുറി തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി കയറി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
എറണാകുളം നോര്‍ത്ത് സിഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.