മൂവാറ്റുപുഴ: കെഎസ്്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ക്വാളീസിൽ എത്തിയ സംഘം മർദിച്ചതായി പരാതി. പെരുന്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ പേഴയ്ക്കാപ്പിള്ളി കാഞ്ഞിരക്കാട്ടുകുടിയിൽ കെ.പി.കബീർ (47), കണ്ടക്ടർ ആനിക്കാട് അടൂർപറന്പ് കാഞ്ഞിരക്കാട്ട് കെ.ഇ. റസീക്ക് (40) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒൻപതോടെ മൂവാറ്റുപുഴ കെഐസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലായിരുന്നു സംഭവം. മൂവാറ്റുപുഴ ഡിപ്പോയുടെ നിർമാണം നടക്കുന്നതിനാൽ റോഡരികിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.
ബസിന് മുന്നിൽ ക്വാളീസ് നിർത്തിയിരിക്കുന്നതുമൂലം ബസ് ഹോണ്‍ മുഴക്കിയതോടെ ക്വാളീസിൽ നിന്നും ഇറങ്ങിയ സംഘം ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ടിക്കറ്റ് മെഷീൻ വാങ്ങി നിലത്തടിക്കുകയും ബാഗിൽ നിന്നും അയ്യായിരം രൂപ കവർന്നതായും കണ്ടക്ടർ റസീക്ക് പറഞ്ഞു. തുടർന്ന് സംഘം വാഹനമെടുത്തു പോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ് നാലംഗസംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.