ചാലക്കുടി: ന്യൂസിലൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒന്പതര ലക്ഷം തട്ടിയെടുത്തശേഷം ജക്കാർത്തയിൽ കൊണ്ടുവിട്ട് മുങ്ങിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശി ഉള്ളാടൻ വീട്ടിൽ മുഹമ്മദ് ഹസനെ(33)യാണ് ചാലക്കുടി എസ്ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തത്.
കുഴിക്കാട്ടുശേരി പെരുതുരുത്തി പ്രകാശന്റെ മകൻ സച്ചിൻ, അങ്കമാലി മേയ്ക്കാട് അരീക്കൽ ജോയ് പോളിന്റെ മകൻ ബിവിൻ ജോയി എന്നിവരിൽനിന്നാണ് പണം തട്ടിയെടുത്ത് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കൊണ്ടുപോയി വിട്ടത്. ന്യൂസിലൻഡിൽ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. കോട്ടയം സ്വദേശി ജിതിൻ, അങ്കമാലി സ്വദേശി ബിജി എന്നിവർ മുഖേനയാണ് ഇവർ മുഹമ്മദ് ഹസനുമായി ബന്ധപ്പെട്ടത്. ചാലക്കുടിയിൽനിന്നും ബാങ്ക് അക്കൗണ്ടിലൂടെ മുഹമ്മദ് ഹസനു പണം അയച്ചുകൊടുക്കുകയായിരുന്നു.
ഇതിനുശേഷം സച്ചിനെയും ബിവിൻ ജോയിയെയും കഴിഞ്ഞവർഷം ഓഗസ്റ്റ് 17ന് ജക്കാർത്തയിലേക്കു കൊണ്ടുപോയി. ന്യൂസിലൻഡിലേക്കുള്ള വിസ ജക്കാർത്തയിൽനിന്നാണ് ലഭിക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചാണ് അവിടേക്കു കൊണ്ടുപോയത്. ജക്കാർത്തയിൽ എത്തിച്ചശേഷം മുഹമ്മദ് ഹസൻ മുങ്ങി. ഇതോടെ രണ്ടുപേരും പെരുവഴിയിലായി. ഭക്ഷണം പോലും കിട്ടാതെ നരകയാതന അനുഭവിച്ചു. ജക്കാർത്തയിലെ വിസയുടെ കാലാവധി കഴിഞ്ഞതോടെ ജയിലിലുമായി. ഒടുവിൽ ബിവിൻ ജോയിയുടെ പിതാവ് ജോയ് പോൾ ജക്കാർത്ത സർക്കാരിന് അടയ്ക്കേണ്ട പണം ജക്കാർത്തയിലുള്ള മലയാളി ലിബിൻ എന്നയാൾ മുഖേന അടച്ചതിനുശേഷമാണ് ജയിൽമോചിതരായി നാട്ടിലേക്ക് എത്തിയത്.
സച്ചിൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റു പ്രതികളായ ജിതിൻ, ബിജി എന്നിവർ ഒളിവിലാണ്. സീനിയർ സിപിഒ ഹരിശങ്കർപ്രസാദ്, സിപിഒമാരായ എം.സി.സോജു, എം.എം.മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.