എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വിവാദ പരാമർശങ്ങളുടെ പേരിൽ എം.എം മണിയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. നടപടി എന്തായിരിക്കുമെന്ന് നാളത്തെ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിക്കും. മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും തത്കാലം അതിനുള്ള സാധ്യത വിരളമാണ്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ മന്ത്രിയെ രാജിവയ്പ്പിച്ചാൽ അതു ഭരണപക്ഷത്തിന് ക്ഷീണമാകും. പ്രതിപക്ഷം അതു വലിയ ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരിക്കും പാർട്ടി തീരുമാനം ഉണ്ടാകുക. നാളെ സി.പി.എം സെക്രട്ടറിയേറ്റ് ചേരുകയാണ്. സെക്രട്ടറിയേറ്റ് മണിയുടെ പരാമർശം പരിശോധിക്കും. സെക്രട്ടറിയേറ്റംഗമാണ് മണി. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയും കോടിയേരിയും വി.എസും അടക്കമുള്ളവർ മണിയെ ഇതിനകം തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് മണിയ്ക്കെതിരെ നാളത്തെ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം ഉണ്ടാകുമെന്ന് ഉറപ്പാണ്. മണിയോട് മുഖ്യമന്ത്രി പരുഷമായി തന്നെയാണ് പരാമർശത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് നേരത്തെ നൽകിയ മുന്നറിയിപ്പ് മുഖ്യമന്ത്രി എടുത്തു പറയുകയും ചെയ്തു. എത്രയും പെട്ടെന്ന് ഖേദം പ്രകടിപ്പിച്ച് പ്രശ്നം തണുപ്പിക്കണമെന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെ മുഖ്യമന്ത്രി സ്വീകരിച്ചു.
കോടിയേരിയും മണിയെ വിളിച്ചു ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതോടെ മണി ഖേദം പ്രകടിപ്പിച്ചു രംഗത്തു വരികയായിരുന്നു. മണിയ്ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെങ്കിലും ശാസനയോ താക്കീതോ ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ അതു വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കും. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് വൈദ്യുതി മന്ത്രിയാണ്. മന്ത്രി സഭയിൽ ഇല്ലെങ്കിലേ ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും മന്ത്രി മറുപടി പറയു. ഇനി വിവാദങ്ങളിൽ ചെന്നുപെട്ടാൽ സംരക്ഷിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് തന്നെ മണിയ്ക്ക് പാർട്ടി സെക്രട്ടറിയേറ്റ് നൽകും.
നിയമസഭയിൽ പ്രതിപക്ഷം മണിയുടെ വിവാദ പരാമർശങ്ങൾ ആയുധമാക്കുമെന്ന് ഉറപ്പുള്ളതിനാൽ ഇതിനെ പ്രതിരോധിക്കാനുള്ള നടപടികളും പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പൊന്പൈള ഒരുമയുടെ സമരത്തിൽ ലിസി സണ്ണി അടക്കമുള്ളവർ പങ്കെടുക്കുന്നില്ല. ഗോമതിയെ ലിസി സണ്ണി അടക്കമുള്ളവർ ഒരു മാധ്യമത്തിലൂടെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ ഈ സമരം രാഷ്ട്രീയ പ്രേരിതമെന്ന നിലയ്ക്ക് സി.പി.എമ്മും മുന്നോട്ടു പോകാനുള്ള സാധ്യതയുമുണ്ട്.