കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിക്കുസമീപം അമ്മയും മൂന്ന് പെണ്‍കുട്ടികളും ട്രെയിൻ തട്ടി മരിച്ച സംഭവത്തിനു പിന്നിൽ ഭർത്താവ് തിരൂരങ്ങാടി സ്വദേശി മന്പുറം പടിഞ്ഞാറ്റിൻ പുത്തൻവീട് രാജേഷിന്റെ മാനസിക പീഡനമെന്ന് സംശയം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇവരുടെ വിവാഹത്തോടെ രണ്ടു പേരുടെയും ബന്ധുക്കൾ ഇവരുമായി അകന്നു.
രാജേഷ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവത്രെ. ഇതിനുശേഷം ഭാവന വലിയ മാനസികവിഷമത്തിലായിരുന്നു. രാജേഷിന്റെ പെരുമാറ്റവും മൂന്നു പെണ്‍കുട്ടികൾ എന്ന ആധിയും ഇവരെ മാനസികമായി തളർത്തിയിരിക്കാമെന്നാണ് പോലീസ് നിഗമനം. അടുത്ത വീട്ടുകാരോട് സംസാരിക്കുന്നതുപോലും രാജേഷിന് ഇഷ്ടമല്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. രാജേഷിനെ കൂടുതൽ ചൊദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
മരപ്പണിക്കാരനായ രാജേഷ് വയനാട് പടിഞ്ഞാറത്തറ പേരാൽ സ്വദേശിയായ റെജീനയുടെ ( വിവാഹത്തിനുശേഷം ഭാവന എന്നുപേരുമാറ്റി) വീട്ടിൽ ജോലിക്കുപോയിരുന്നു. അവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഭാവനയ്ക്കു പുറമേ മക്കളായ ഐശ്യര്യ(12), നന്ദിനി(10 ), വിസ്മയ (9) എന്നിവരെയാണ് ഇന്നലെ രാവിലെ ആറോടെ പുതിയങ്ങാടി കോയ റോഡിന് പടിഞ്ഞാറു ഭാഗത്തെ പള്ളിക്കണ്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പള്ളിയിലേക്കു പോകുന്നവരാണ് നാലുപേരേയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് എലത്തൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും ആർക്കും ഇവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഭാവനയുടെ ചൂണ്ടുവിരലിൽ മഷിപുരട്ടിയിരിക്കുന്നത് കണ്ടാണ് മലപ്പറും സ്വദേശികളാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
തുടർന്ന് 10.15ഓടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നേരത്തെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം കൈമാറിയിരുന്നു. തുടർന്ന് ഉച്ചയോടെ തിരൂരങ്ങാടിയിൽ താമസിക്കുന്ന രാജേഷിന്റെ ഭാര്യയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാവനയേയും മക്കളേയും കാണാതായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 14 വർഷമായി മലപ്പുറത്തു മന്പുറത്താണു ഇവർ താമസിക്കുന്നത്