ന്യൂഡൽഹി: ഹൃദയധമനികളിലെ രക്തയോട്ടത്തിനുണ്ടാകുന്ന തടസം നീക്കുന്ന സ്റ്റെന്റുകളുടെ വില കേന്ദ്രസർക്കാർ നിയമം വഴി നിയന്ത്രിച്ചതിനെത്തുടർന്ന് മറ്റൊരു മൾട്ടിനാഷണൽ സ്റ്റെന്റ് നിർമാതാക്കൾകൂടി ഇന്ത്യ വിടാനൊരുങ്ങുന്നു. ഇന്ത്യയിലെ സ്റ്റെന്റ് വിപണിയുടെ 21.3 ശതമാനം വിഹിതം സ്വന്തമായുള്ള മെഡ്ട്രോണിക്സാണ് ഇന്ത്യയിലെ വില്പന ഉപേക്ഷിക്കുന്നത്.
വിലനിയന്ത്രണം മൂലമുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി കന്പനി നേരിട്ടും വിതരണക്കാർ വഴിയും കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടർന്നാണു കന്പനി ഇന്ത്യയിലെ വില്പന അവസാനിപ്പിക്കുന്നത്. എന്നാൽ, നിലവിൽ വില്പനയിലുള്ള സ്റ്റെന്റുകളല്ല പിൻവലിക്കുന്നതെന്നും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന സ്റ്റെന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാതിരിക്കുന്നതെന്നുമാണു മെഡ്ട്രോണിക്സിന്റെ വിശദീകരണം.
ഇന്ത്യൻ വിപണിയിൽനിന്നു കന്പനി പൂർണമായി പിൻവാങ്ങുകയല്ലെന്നും ഇന്ത്യയിലെ വിപണി വിലക്കനുസരിച്ച് ലാഭം ലഭിക്കുന്ന സ്റ്റെന്റുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്നും അതിൽ വിജയിച്ചാൽ ഇന്ത്യയിലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തയാറായി ഇന്ത്യയിലേക്കു തിരിച്ചുവരുമെന്നും കന്പനി അറിയിച്ചു. നേരത്തെ ഇന്ത്യൻ വിപണിയിൽ 29 ശതമാനം വിഹിതമുണ്ടായിരുന്ന അബോട്ട് വാസ് കുലാറും ഇന്ത്യൻ വിപണിയിൽ സ്റ്റെന്റുകൾ ഇറക്കുന്നതിൽനിന്നു പിൻമാറിയിരുന്നു.
നേരത്തെ, ഹൃദ്രോഗ ചികിത്സച്ചെലവ് കുറയ്ക്കാന്‍ ദേശീയ മരുന്ന് വിലനിയന്ത്രണ അഥോറിറ്റി (എന്‍പിപിഎ) സ്വീകരിച്ച നടപടി വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ ആധിപത്യമുറപ്പിക്കുന്നതിന് ഇടയാക്കിയിരുന്നു. എന്നാൽ, രണ്ടു മാസമായി വിദേശകന്പനികളുടെ സ്റ്റെന്റുകളുടെ ഉപയോഗം കൂടിയെങ്കിലും വിലയിലുണ്ടായ ഗണ്യമായ കുറവ് അവരുടെ ലാഭവിഹിതത്തിൽ വൻ ഇടിവാണുണ്ടാക്കിയത്. അതാണ് ആവശ്യക്കാരുടെ എണ്ണം കൂടിയെങ്കിലും അത്യാധുനിക സ്റ്റെന്റുകളുടെ ഇന്ത്യയിലെ വില്പന കുറയ്ക്കാൻ വിദേശകന്പനികളെ പ്രേരിപ്പിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിപണിയില്‍ സജീവമായിരുന്ന നാല് ഇന്ത്യന്‍ കമ്പനികളുടെ സ്റ്റെന്റുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു. വിലനിയന്ത്രണത്തിനു മുന്‍പ് വിദേശ- ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തമ്മില്‍ 10,000 മുതല്‍ 15,000 രൂപ വരെ വില വ്യത്യാസമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വില 30,000 രൂപയില്‍ താഴെയായി നിജപ്പെടുത്തിയതോടെ വിലവ്യത്യാസം 5000 രൂപയില്‍ താഴെയായി.
ഇതേത്തുടര്‍ന്നു ഭൂരിഭാഗം രോഗികളും വിദേശ സ്റ്റെന്റുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
വിദേശ കന്പനികൾ ഇന്ത്യൻ വിപണിയിൽനിന്നു പിൻവാങ്ങുന്പോൾ ഗുണമേന്മയുള്ള സ്റ്റെന്റ് അപ്രത്യക്ഷമാകുമോ എന്ന ആശങ്ക യും ശക്തമാണ്. വിദേശ കമ്പനികള്‍ പിന്മാറുന്നതോടെ സ്റ്റെന്റുകളിലെ പുതിയ രാജ്യാന്തര ഗവേഷണങ്ങൾ ഇന്ത്യയിലെത്താനുണ്ടാകുന്ന കാലതാമസവും വലിയ പ്രശ്നമാകും.
ഇന്ത്യയില്‍ സ്റ്റെന്റ് വില്‍ക്കുന്ന വിദേശ, ഇന്ത്യൻ കമ്പനികളും അവയുടെ വിപണി വിഹിതവും
വിദേശ കമ്പനികള്‍
അബോട്ട് വാസ്കുലര്‍ 29%
മെഡ്ട്രോണിക്സ് 21.3%
ബോസ്റ്റണ്‍ സൊസൈറ്റി 9.2% ആകെ 59.5%
ഇന്ത്യന്‍ കമ്പനികള്‍
മെറില്‍ ലൈഫ് സയന്‍സസ് 13.6%
വാസ്കുലര്‍ കണ്‍സപ്റ്റ്സ് 8%
സഹജാനന്ദ് 6.1%
എടിഎല്‍ തെറാപെറ്റിക്സ് 4.3%
ബ്ളോസെന്സര് 1.5%
ലാന്‍സര്‍ 1.1%
മറ്റുള്ളവ 5.9%