ജമ്മു കാഷ്മീരില്‍ സൈന്യവും വിഘടനവാദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കേ അവിടെ നിന്നുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ ഒട്ടുമിക്ക മാധ്യമങ്ങളും കാഷ്മീരിലെ ഒരു കോളജിലെ വിദ്യാര്‍ഥിനികള്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന ചിത്രമാണ് പത്രത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ദേശാഭിമാനി പത്രത്തില്‍ നല്കിയ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിനികള്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്ന ചിത്രമാണ് ദേശാഭിമാനി ഉള്‍പേജില്‍ നല്‍കിയിരിക്കുന്നത്. ദേശീയ താല്പര്യത്തിനു വിരുദ്ധമായി വിഘടനവാദികളെ അനുകൂലിച്ചാണ് പത്രം വാര്‍ത്ത നല്‍കിയതെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ പ്രതിധ്വനിക്കുന്നത്. തീവ്രവാദികളെ എല്ലാ കാലത്തും പിന്തുണച്ചിട്ടുള്ള സിപിഎമ്മില്‍ നിന്ന് ഇത്തരത്തിലുള്ള കാര്യങ്ങളെ പ്രതീക്ഷിക്കാവുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ പത്രത്തിന്റെ നയത്തിനെതിരേ വ്യാപകരീതിയിലാണ് പ്രചരണം നടക്കുന്നത്.
അതേസമയം, ചിത്രത്തെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതു ചിത്രം പ്രസിദ്ധീകരിക്കണമെന്നുള്ളത് ആ മാധ്യമത്തിന്റെ നയമാണെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അതിനിടെ കാഷ്മീരില്‍ പിഡിപി-ബിജെപി ബന്ധം ഉലയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കാഷ്മീര്‍ സംഘര്‍ഷത്തെയും കല്ലെറിഞ്ഞുള്ള പ്രതിഷേധത്തെ കൈകാര്യം ചെയ്ത രീതിയെയും ചൊല്ലിയാണ് പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തത്.