ആര്യനാട്: ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും നാൾക്കുനാൾ വർധിക്കുന്നതിന്റെയും കുട്ടികൾ അപ്രത്യക്ഷരാകുന്നതിന്റെയും പിന്നിലെ പ്രധാന വില്ലൻ മയക്കു മരുന്നകളാണെന്ന് ഋഷിരാജ് സിംഗ്.കുട്ടികൾ മയക്കുമരുന്ന് ഉപയോഗങ്ങളുടെ പിടിയിലമരാതിരിക്കാൻ സ്കൂളുകളിൽ അധ്യാപകരുടെയും വീടുകളിൽ മാതാപിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ആര്യനാട് ജനമൈത്രി പോലീസ് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നിന്റെ വ്യാപരണത്തിനെതിരേ വിദ്യാർഥികൾ തന്നെ രംഗത്തിറങ്ങണമെന്നും ഏതെങ്കിലും മേഖലകളിൽ ഇവയുടെ സൂചനകൾ കണ്ടാൽ മുളയിലെ നുള്ളിക്കളയണമെന്നും സംവാദത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകി.
ആര്യനാട് കെഎസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി. ബിജുമോഹൻ അധ്യക്ഷതവഹിച്ചു.ആര്യനാട് സിഐ എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ്, എസ്. ഷാമില ബീഗം, എം.എസ്. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.