ഒറ്റപ്പാലം: കമ്യൂണിസ്റ്റ് പാർട്ടിക്കു മൂല്യച്യുതി സംഭവിച്ചതായും കമ്യൂണിസം കൈവിട്ട് അവർ കോർപറേറ്റിസത്തിന്റെ വക്താക്കളായി മാറിയെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാർത്ഥി സമ്മേളനം മനിശീരി കെഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ സഹായിക്കുന്ന നിലപാടായിരുന്നു ആദ്യഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ അറുപതാം വാർഷികാഘോഷ വേളയിൽ പാവങ്ങളെ മറന്ന പാർട്ടി കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഭൂമാഫിയയെ സംരക്ഷിക്കുന്ന അജൻഡയാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കൽ അട്ടിമറിക്കാനാണ് കുരിശ് നീക്കം ചെയ്ത സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉയർത്തിവിട്ടത്.
മതമേലധ്യക്ഷന്മാർ പോലും ഇതിനെതിരെ പ്രതികരിക്കാതിരുന്നിട്ടും അവർ കുരിശ് മാറ്റിയതിനെ ചോദ്യം ചെയ്യാതിരുന്നിട്ടും പിണറായി രംഗത്തുവരികയായിരുന്നു. മതചിഹ്നങ്ങളെ കവചമാക്കി കൈയേറ്റക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെയാണ് മുൻകൈ എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോണ്ഗ്രസിന്റെ നിലപാട് കൈയേറ്റക്കാർക്ക് എതിരാണ്. കൈയേറ്റക്കാർ എത്ര ഉന്നതരായാലും ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തണം
. ഹാരിസണ് ഭൂമി വിഷയത്തിൽ അഡ്വ. സുശീല ഭട്ടിനെ നീക്കുകയാണ് സർക്കാർ ആദ്യം ചെയ്തത്. ഇതു കൈയേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. രാജമാണിക്യത്തിന്റെ റിപ്പോർട്ട് അട്ടിമറിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. ത്രിതല പഞ്ചായത്തുകളുടെ അധികാരം ഇല്ലാതാക്കുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതു കോർപറേറ്റുകളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കോർപറേറ്റുകളെ സഹായിക്കുന്ന നടപടികളുമായാണ് കേന്ദ്രത്തിൽ മോദിയും കൂട്ടരും, സംസ്ഥാനത്തു പിണറായിയും സംഘവും മുന്നോട്ടുപോകുന്നത്. ബിജെപിയും സിപിഎമ്മും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അണികളെ ബലികൊടുത്ത് താത്കാലിക നേട്ടത്തിനുവേണ്ടി സിപിഎമ്മും ബി ജെപിയും നടത്തുന്ന അക്രമരാഷ്ട്രീയം ജനാധിപത്യത്തിന് എതിരാണെന്നും വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. ഷാഫി പറന്പിൽ എംഎൽഎ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. ഹൈബി ഈഡൻ എംഎൽഎ, മാത്യു കുഴൽനാടൻ, കെ.എം.ഫെബിൻ, സി.സി. സുനിൽ, സജേഷ് ചന്ദ്രൻ, അഭിരാം, എ.സുമേഷ്, കെഎസ്ബിഎ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.