വടകര: ടി.പി.കേസ് പ്രതികൾക്കായി പരോൾ നിയമവ്യവസ്ഥകൾ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷണ്. ടി.പി.ചന്ദ്രശേഖരൻ രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ’കൊലയാളികളുടെ ശിക്ഷയിളവ് നിയമ വ്യവസ്ഥ അട്ടിമറിക്കാൻ’ എന്ന വിഷയത്തിൽ ആർഎംപിഐ സംഘടിപ്പിച്ച സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പി.കേസ് പ്രതികളെ കോടതി ശിക്ഷിച്ചപ്പോൾ ജയിലിന് അകത്തുനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എന്തിന്റെ പേരിലാണ് ടി.പി. കൊലയാളികൾക്ക് ശിക്ഷാഇളവ് കൊടുക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിസഭ കിറുക്കാരുടെയും അര കിറുക്കാരുടെയും താവളമാണെന്നും മകൻ നഷ്ടപ്പെട്ട അമ്മയെപ്പോലും അപമാനിച്ച എം.എം.മണി സ്ത്രീകൾക്കെതിരെ അശ്ലീലം ചൊരിയുന്നത് സ്ഥിരം തൊഴിലാക്കിയ പ്രാകൃതനാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മണി വിഷയത്തിൽ ഉൾപ്പെടെ നിയമസഭയിൽ അകത്തും പുറത്തും യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
വടകര കോട്ടപ്പറന്പിൽ നടന്ന പരിപാടിയിൽ പി.കുമാരൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ.എം.ജി.എസ്.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് എം.ജി.എസ് പറഞ്ഞു. കെ.സി.ഉമേഷ് ബാബു, മനയത്ത് ചന്ദ്രൻ, ആർ.ശശി, സമദ് പൂക്കാട്, കെ.എസ്.ഹരിഹരൻ, കെ.ലിനീഷ്, എ.പി.ഷാജിത്ത് എന്നിവർ സംസാരിച്ചു.