നിലന്പൂർ: ഛത്തിസ്ഗഡിൽ മാവോവായിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 26 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിലന്പൂർ മേഖലയിലുൾപ്പെടെ മാവോയിസ്റ്റ് സാനിധ്യമുള്ള പ്രദേശങ്ങളിൽ പോലീസിനു ജാഗ്രതാ നിർദേശം നൽകി. വനത്തോടു ചേർന്നുള്ള പോലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. മുൻകരുതൽ ശക്തമാക്കുന്നതിനു പുറമെ പ്രത്യേക കോന്പിംങ്ങും പരിശോധനകളും നടത്തും.
കഴിഞ്ഞ നവംബറിൽ നിലന്പൂർ കാട്ടിലുണ്ടായ പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജ്, സംസ്ഥാന നേതാവ് അജിത എന്നിവർ കൊല്ലപ്പെടുകയും പിന്നീട് മൂത്തേടം പഞ്ചായത്തിൽ വച്ച് ഒരു പ്രവർത്തകൻ പിടിയിലാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുള്ളത്. നിലന്പൂരിലെ വെടിവയ്പിനു ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ മാവോ ആക്രമണമാണ് തിങ്കളാഴ്ച ഛത്തീസ്ഗഡിലേത്.
കഴിഞ്ഞ രണ്ടുമാസത്തോളമായി നിലന്പൂർ മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘം അട്ടപ്പാടി മേഖലയിലേക്ക് ഉൾവലിഞ്ഞുവെന്നും സൂചനകളുണ്ട്. എങ്കിലും ഈ സാഹചര്യത്തിൽ തിരിച്ചടി ഉണ്ടാകില്ലെന്നു ഉറപ്പുവരുത്തുന്നതിനായി സുരക്ഷ ശക്തമാക്കാൻ തന്നെയാണ് പോലീസിനു നിർദേശം നൽകിയിട്ടുള്ളത്.