പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രങ്ങളിലൊന്നാണ് ഭരത് ചന്ദ്രൻ ഐപിഎസ്. കമ്മീഷണർ എന്ന ഷാജി കൈലാസ് ചിത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാവാൻ നിരവധി കാരണങ്ങളുണ്ട്. ചടുതലയാർന്ന ആക്ഷൻ രംഗങ്ങളും ആവേശമുയർത്തുന്ന തീപ്പൊരി ഡയലോഗുകളുമുള്ള ചിത്രത്തിലെ ഡയലോഗുകൾ ഇന്നും പ്രേക്ഷകർക്ക് മനഃപാഠമാണ്.ഹിറ്റ് സിനിമകളുടെ തന്പുരാക്കൻമാരായ രഞ്ജി പണിക്കർ, ഷാജി കൈലാസ് ടീമിനോടൊപ്പം സുരേഷ് ഗോപിയും ചേർന്നതോടെ അത് മറ്റൊരു വലിയ വിജയമായി മാറുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി പോലീസ് വേഷത്തിൽ വീണ്ടുമെത്തുന്നത്. സിനിമയ്ക്ക് പുറമേ രാഷ്്ട്രീയത്തിലും ചുവടുവച്ച താരമിപ്പോൾ ജനസേവനത്തിനൊപ്പം തന്നെ സിനിമയെക്കൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു എന്നതാണ് പുതിയ വാർത്ത. രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മീഷണർ, ഭരത് ചന്ദ്രൻ ഐപിഎസ് തുടങ്ങിയ ചിത്രങ്ങളുടെ തുടർച്ചയായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇൻസ്പെക്ടർ ബൽറാം, ബൽറാം വേഴ്സസ് താരാദാസ്, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ലിബർട്ടി ബഷീറാണ് സുരേഷ് ഗോപി ചിത്രം നിർമിക്കുന്നത്. ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ലിബർട്ടി ബഷീർ നീണ്ട കാലയളവിനു ശേഷമാണ് നിർമാതാവാകുന്നത്. ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് നിർമാതാവ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.