ഹൈദരാബാദ്: ഭർതൃപിതാവുമായി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ മൊഴി ചൊല്ലി. ഹൈദരാബാദ് ബീഗംപേട്ട് സ്വദേശി സുമൈന ഷർഫിക്കാണ് ഭർത്താവിൽനിന്നു ദുരനുഭവം നേരിടേണ്ടിവന്നത്. ഭർതൃപിതാവുമായി ശാരീരിക ബന്ധത്തിനു സമ്മതിക്കാനുള്ള ഭർത്താവ് ഒവൈസ് താലിബിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇയാൾ സുമൈനയെ വാട്സ്ആപ്പിലൂടെ മൊഴി ചൊല്ലുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു മൊഴി ചൊല്ലിയതെങ്കിലും സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
വിവാഹത്തിനുശേഷം ഒവൈസ് ജോലിസംബന്ധമായ ആവശ്യത്തിനായി ദുബായിയിലേക്കു പോയി. ഇതേതുടർന്ന് ഭർതൃവീട്ടിലാണ് സുമൈന താമസിച്ചിരുന്നത്. ഒവൈസിന്റെ വളർത്തമ്മ ദുർമന്ത്രവാദം ചെയ്തു വന്നിരുന്ന സ്ത്രീയായിരുന്നു. ഈ സ്ത്രീയാണ് ഇവരുടെ രണ്ടാം ഭർത്താവായ ആദിൽ അലി ഖാനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും ഗർഭം ധരിക്കാനും സുമൈനയെ നിർബന്ധിച്ചത്. ഇതിന് വിസമ്മതിച്ചപ്പോൾ സുമൈനയെ ഭർത്താവിന്റെ വളർത്തമ്മ ആറു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. ഇതറിഞ്ഞ സുമൈനയുടെ പിതാവ് സ്ഥലത്തെത്തി യുവതിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇതേകുറിച്ച് ഭർത്താവിനെ വിവരമറിയിച്ചെങ്കിലും വളർത്തമ്മ പറയുന്നതുപോലെ ചെയ്യാൻ ഒവൈസ് നിർദേശിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ ഭർത്താവ് വാട്സ് ആപ്പിലൂടെ തലാഖ് ചൊല്ലി. ഭർത്താവിന്റെ വീട്ടിൽ നേരിട്ട പീഡനങ്ങൾ വിവരിച്ചുകൊണ്ട് കഴിഞ്ഞമാസം സുമൈന പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയാണ്.