അന്പലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവാഭരണത്തിലെ നവരത്നങ്ങൾ പതിച്ച പതക്കങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്. ഇന്നലെ അന്പലപ്പുഴ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയശേഷം എറണാകുളം റേഞ്ച് ഐജി. പി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ടെന്പിൾ ആന്റ് തെഫ്റ്റ് സ്ക്വാഡും അന്വേഷണം നടത്തും. മഹാക്ഷേത്രങ്ങളിലൊന്നായ അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പതക്കം കാണാതായത് ഗൗരവമായി തന്നെയാണ് കാണുന്നത്. ഭക്തരുടെ വികാരം മനസ്സിലാക്കിക്കൊണ്ടുതന്നെയായിരിക്കും അന്വേഷണം നടത്തുക.
കൂടുതൽ വിവരങ്ങൾ തുറന്നുപറയത്തക്ക രീതിയിൽ അന്വേഷണം ആയിട്ടില്ലെന്നും അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കുമെന്നും ഐ ജി പറഞ്ഞു. സംഭവത്തിൽ ദേവസ്വം ബോർഡും അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മീഷണർ, എസ് പാർവ്വതി, വിജിലൻസ് എസ് പി രതീഷ്കൃഷ്ണൻ എന്നിവർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഇവർ ക്ഷേത്രം രേഖകൾ പരിശോധിച്ചശേഷം ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ജില്ലാ പൊലീസ് ചീഫ് എം മുഹമ്മദ് റഫീക്ക്, സ്റ്റേറ്റ് ടെന്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് സന്തോഷ്, ആലപ്പുഴ ഡിവൈഎസ്പി എം ഇ ഷാജഹാൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തർ എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു. മേൽശാന്തിമാർ, തന്ത്രിമാർ, ജീവനക്കാർ എന്നിവരിൽ നിന്ന് സിഐ എം.വിശ്വംഭരൻ, എസ്ഐ എം. പ്രതീഷ്കുമാർ എന്നിവർ വിവരങ്ങൾ ശേഖരിച്ചു.
പത്തോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ട്രോംഗ് റൂമും ശ്രീകോവിലും പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരൻ നായർക്കാണ് അന്വേഷണ ചുമതല. ക്ഷേത്രത്തിൽ ആറാട്ടിന് ശേഷമാണ് പതക്കം കാണാതായതെന്ന് കരുതുന്നു. സാധാരണ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്ന തിരുവാഭരണം ആറാട്ടിന് ശേഷം താൽക്കാലികമായി മറ്റൊരു മുറിയിലാണ് കരുതിയിരുന്നത്. വിഷുദിവസം സ്ട്രോംഗ് റൂം തുറന്ന് ഇതെടുക്കുന്നത് ഒഴിവാക്കാനാണ് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കാതിരുന്നത്.
തിരുവാഭരണം സൂക്ഷിച്ചിരുന്ന പെട്ടിയുടെ താക്കോൽ മേൽശാന്തിയുടെ കയ്യിലും ഈ പെട്ടി സ്ട്രോംഗ് റൂമിലും സൂക്ഷിക്കുകയാണ് പതിവ്. സ്ട്രോംഗ് റൂമിന്റെ താക്കോൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് സൂക്ഷിക്കുന്നത്. പതക്കം കാണാനില്ലെന്ന് അറിഞ്ഞിട്ടും ഇത് മറച്ചുവെച്ചതും വിവദമായിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നവരത്ന പതക്കത്തിന് പതിനൊന്നര പവൻ തൂക്കമുണ്ട്. കഴിഞ്ഞ ഏതാനും ദിവസം തെരച്ചിൽ നടത്തിയശേഷമാണ് അസിസ്റ്റന്റ് കമ്മീഷണർ അന്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്.