കോട്ടയം: പോലീസിന്റെ ഗുണ്ടാ വണ്ടി യാത്ര ആരംഭിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങളും വിവരണങ്ങളും പൊതുജനങ്ങൾക്ക് കണ്ടു മനസിലാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഗുണ്ടാവണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെ തൊട്ടടുത്തു താമസിക്കുന്നവർക്കു പോലും അറിയാൻ സാധിക്കില്ല. ഒരു പക്ഷേ ഇയാൾ കൊടും ക്രിമിനൽ ആയിരിക്കാം.
ഇങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിനാണ് ഗുണ്ടാ വണ്ടി ഉപകരിക്കുക. ഗുണ്ടയുടെ ചിത്രങ്ങൾ. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം, ഏതൊക്കെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ചിത്രത്തോടൊപ്പം നല്കും. ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ ചാർജെടുത്ത ശേഷം തയാറാക്കിയ ക്രിമിനൽ ഗാലറിയിലെ 107 ഗുണ്ടകളുടെ ചിത്രങ്ങളാണ് ഗുണ്ടാവണ്ടിയിൽ ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ നാലു സബ് ഡിവിഷനുകളിലും ഗുണ്ടാ വണ്ടി സഞ്ചരിച്ച് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്. ഇന്ന് പാലായിലെത്തിയ ഗുണ്ടാവണ്ടി പാലാ സബ് ഡിവിഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കും. അടുത്ത ദിവസം വൈക്കം സബ് ഡിവിഷനിലാവും ഗുണ്ടാവണ്ടി എത്തുക.