തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാത്ത സ്ത്രീ വിരുദ്ധ സർക്കാരായി ഇടതുമുന്നണി സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ സ്ത്രീത്വത്തെ ഒന്നടങ്കം അവഹേളിക്കുന്നതിന് കൂട്ട് നിൽക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത മന്ത്രി എം.എം.മണിയെ സംരക്ഷിക്കുന്നതിലൂടെ ഇടതുമുന്നണിയും മുഖ്യമന്ത്രിയും കേരള സമൂഹത്തിന് മുന്നിൽ ദുർബലമായിരിക്കുകയാണ്. മണിയുടെ രാജിയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് എംഎൽഎമാർ രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുകയായിരുന്നു.