ബാഴ്സലോണ: ലാലിഗ ഫുട്ബോളിലെ നിർണായക ദിവസത്തിൽ രണ്ടു സൂപ്പർ ടീമുകളുടെ ഗോൾമഴ. ബാഴ്സലോണ ഒസാസുനയെ 7-1നു തകർത്തെറിഞ്ഞപ്പോൾ റയൽ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 6-2ൽ മുക്കി. വാളെടുത്ത വരെല്ലാം വെളിച്ചപ്പാടായ മത്സരമായിരുന്നു ബാഴ്സയും ഒസാസുനോയും തമ്മിൽ നടന്നത്.
സൂപ്പർതാരം ലയണൽ മെസിയും ഗോമസും അൽകാസെറും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മഷരാനോ ഒരു ഗോൾ നേടി ഒസാസുനോയുടെ പതനത്തിന്‍റെ ആക്കം കൂട്ടി. 48ാം മിനിറ്റിൽ റോബെർട്ടോ ടോറസ് നേടിയ ഏകഗോളായിരുന്നു ഒസാസുനോയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ബാഴ്സയുടെ 34ാം വിജയമായിരുന്നു ഇത് ഇതോടെ പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ തങ്ങളുടെ പോയിന്‍റ് 78 ആക്കി ഉയർത്തി.
മറ്റൊരു മത്സരത്തിൽ ഒസാസുനോയുടെ മറ്റൊരു പതിപ്പാവുകയായിരുന്നു ഡിപ്പോര്‍ട്ടീവോ ലാ കൊരൂണ. എതിരാളികൾ ആറു ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണമെങ്കിലും തിരിച്ചടിക്കാനായെന്ന് മാത്രം അവർക്ക് ആശ്വസിക്കാം. റയലിനായി ജെയിംസ് റോഡ്രിഗസ് ഇരട്ടഗോളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ മൊറാത്ത, ലൂക്കാസ്, കാസിമിറോ, ഇസ്കോ എന്നിവർ ഓരോ ഗോളുകളും നേടി. ആൻഡണും ജോസെലുവുമാണ് ഡിപ്പോർട്ടീവയുടെ സ്കോർബോർഡിനു ജീവൻ വപ്പിച്ചത്.
ഇതോടെ 33 കളികളിൽ നിന്ന് 24 വിജയവും ആറ് സമനിലയും മൂന്ന് തോൽവികളുമായി റയൽ പോയിന്‍റ് പട്ടികയിൽ ബാഴ്സക്കൊപ്പമെത്തി. പക്ഷേ ഗോളുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.