ചാഴൂർ: ക്ഷേത്രക്കുളം വൃത്തിയാക്കാൻ തീരുമാനിച്ച തൊട്ടടുത്ത ദിവസം ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തി.പാറക്കുളങ്ങര ധർമ്മശാസ്ത്ര ക്ഷേത്രക്കുളത്തിലെ വലുതും ചെറുതുമായ മത്സ്യങ്ങളാണ് ചത്തുപൊന്തിയത്. മീനൂട്ട് കടവിൽ കട്ട്ല, കരിമീൻ എന്നീ വലിയ മീനുകളും പരൽ ഉൾപ്പെടെയുള്ള ചെറിയ മീനുകളുമാണ് ചത്ത് പൊന്തിയത്.
കഴിഞ്ഞ 24നു രാവിലെ ക്ഷേത്രം ട്രസ്റ്റ് യോഗം ചേർന്ന് ക്ഷേത്രക്കുളം വൃത്തിയാക്കാൻ തീരുമാനിച്ചതായി ട്രസ്റ്റ് മെന്പർ ജയചന്ദ്രൻ പറഞ്ഞു. കുളത്തിലെ മീനുകളെ പിടിച്ച് വലിയ ടാങ്കിലാക്കി കുളം വൃത്തിയാക്കിയശേഷം വീണ്ടും കുളത്തിലേക്ക് തന്നെ മീനുകളെ വിടാനായിരുന്നു തീരുമാനം. എന്നാൽ, പിറ്റേന്ന് രാവിലെ കുറച്ച് മീനുകൾ വെള്ളത്തിനു മുകളിൽ മയങ്ങിക്കിടന്നിരുന്നുവെങ്കിലും പിന്നീട് ഈ മീനുകൾ കുളത്തേക്ക് താഴ്ന്നുപോയി.
ഉച്ചകഴിഞ്ഞ് മൂന്നിനു കുളത്തിലെ മീനുകളെല്ലാം കൂട്ടത്തോടെ ചത്തുപൊന്തുകയായിരുന്നു.പെട്ടെന്നു മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ ട്രസ്റ്റ് ഭാരവാഹികൾ അന്തിക്കാട് പോലീസിൽ പരാതി നൽകി. മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇന്നു രാവിലെ കുളത്തിലെ വെള്ളത്തിന്റെ സാന്പിൾ പരിശോധനയ്ക്കെടുത്തു.