കോഴിക്കോട്: ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) സംവിധാനം വഴി അയച്ച 4.67 ലക്ഷം രൂപ ബാങ്ക് അധികൃതരുടെ അനാസ്ഥ മൂലം ബിസിനസുകാരനു നഷ്ടമായി. കോഴിക്കോട് തണ്ണീര്‍പന്തല്‍ എപിഎസ് എന്റര്‍പ്രൈസസ് ഉടമ കെ.ആർ. പ്രദീപ്കുമാറിനാണ് പണം നഷ്ടപ്പെട്ടത്. എസ്ബിടിയുടെ (ഇപ്പോൾ എസ്ബിഐ) കക്കോടി ബ്രാഞ്ചില്‍ നിന്നാണ് ജനുവരി ഏഴിന് പ്രദീപ്കുമാര്‍ ആര്‍ടിജിഎസ് സംവിധാനം വഴി 4,67,000 രൂപ കോര്പറേഷന് ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ബ്രാഞ്ചിലെ പോപ്പുലര്‍ ട്രേഡേഴ്സിന്റെ അക്കൗണ്ടിലേക്ക് അയച്ചത്.
ആര്‍ടിജിഎസ് ഫോമില്‍ പോപ്പുലര്‍ ട്രേഡേഴ്സിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരുന്നതായി പ്രദീപ്കുമാർ പറയുന്നു. എന്നാല്‍ അക്കൗണ്ട് നമ്പറില്‍ ഒരു അക്കം തെറ്റിപ്പോയി. 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്.
എപിഎസ് എന്റര്‍പ്രൈസസിന്റെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക പിന്‍വലിച്ചെങ്കിലും പോപ്പുലര്‍ ട്രേഡേഴ്സില്‍ തുക കിട്ടിയില്ല എന്ന മറുപടിയാണ് പ്രദീപ്കുമാറിനു ലഭിച്ചത്.
കോര്പറേഷൻ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ തുക ഡാരിഷ് ഫിലിപ്പ് എന്നയാള്‍ പ്രെപ്പൈറ്ററായുള്ള അഗ്നി സ്റ്റീല്‍ ആന്‍ഡ് ഹാര്‍ഡ്വെയേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഡാരിഷ് ഫിലിപ്പ് പണം പിന്‍വലിച്ചുവെന്നും വ്യക്തമായി. ഇയാള്‍ ഗള്‍ഫിലേക്കു പോയതായാണ് ബാങ്ക് അധികൃതരില്‍ നിന്നു ലഭിച്ച വിവരമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദീപ്കുമാര്‍ ഇടപാട് നടത്തുന്ന ബാങ്കാണ് എസ്ബിടിയുടെ കക്കോടി ശാഖ.ആർടിജിഎസ് സംവിധാനം വഴി പണമയയ്ക്കാന്‍ എത്തിയപ്പോള്‍ 467034 രൂപയ്ക്കുള്ള ചെക്കും അനുബന്ധ രേഖകളും കക്കോടി ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. പണം നഷ്ടപ്പെട്ടപ്പോള്‍ എസ്ബിടി കക്കോടി ശാഖാ മാനേജര്‍ക്കും കോര്പറേഷന് ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാലു മാസമായിട്ടും പണം തിരിച്ചുനല്‍കാന്‍ നടപടിയുണ്ടായിട്ടില്ല.
ആർടിജിഎസ് ഫോമില്‍ പറഞ്ഞ പേരും അക്കൗണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൗണ്ടിലേക്കു പണം മാറ്റാവൂ എന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇവിടെ പണം നല്‍കേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിനു പണം നല്‍കിയത് ഗുരുതരമായ വീഴ്ചയായാണ് വലിയിരുത്തൽ. നഷ്ടപ്പെട്ട തുകയുടെ പലിശയടക്കം ബാങ്കില്‍ അടയ്ക്കേണ്ട ഗതികേടിലാണ് പ്രദീപ്കുമാർ. അതേസമയം, ഇടപാടുകാരൻ എഴുതിയ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്നും പേര് ഒത്തുനോക്കുന്ന സംവിധാനം ബാങ്കിനില്ലെന്നും കക്കോടി ബ്രാഞ്ചിൽ നിന്നറിയിച്ചു.
ചേവായൂര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിനെതിരേ കേസെടുക്കാന്‍ വ്യവസ്ഥയില്ലെന്ന നിലപാടിലാണ് പോലീസ്. പരാതി നല്കി രണ്ടുമാസം പിന്നിട്ടിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബാങ്കിംഗ് ഓംബുഡ്സ്മാന് പ്രദീപ്കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുകിട്ടുന്നതിനു രണ്ടു ബാങ്കുകളുടെയും മാനേജര്‍മാര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.